വണ്ടിപ്പെരിയാറിൽ ക്യാമ്പ് തുടങ്ങി; 
26 പേരെ മാറ്റിപ്പാർപ്പിച്ചു



വണ്ടിപ്പെരിയാർ മുല്ലപ്പെരിയാറിൽ നിന്നും വലിയതോതിൽ വെള്ളം പെരിയാറിലേക്ക് തുറന്നുവിട്ടതും മഴ തുടരുന്നതും ആശങ്ക വർധിപ്പിക്കുന്നു. ജലനിരപ്പ് കുറയ്ക്കുവാനുള്ള തമിഴ്നാടിന്റെ ശ്രമങ്ങൾക്കിടെ വീണ്ടും അണക്കെട്ടിലേക്ക് വലിയതോതിലുള്ള നീരൊഴുക്കും മഴയും മൂലം തിങ്കൾ വൈകിട്ട് അഞ്ചോടെ പെരിയാർ നദിയിലേക്ക് 7246 ഘനയടി വീതം വെള്ളം തുറന്നു വിട്ടു.  മഴ തുടരുകയും അണക്കെട്ടിൽ നിന്നും ഇനിയും കൂടുതൽ വെള്ളം തുറന്നു വിടുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ പെരിയാർ തീരങ്ങളിൽ താഴ്ന്ന പ്രദേശങ്ങളിലുള്ള വീടുകളിൽ വെള്ളം കയറാൻ സാധ്യത.    വണ്ടിപ്പെരിയാർ ടൗണിന് സമീപം വികാസ് നഗറിൽ നദികവിഞ്ഞു റോഡിലേക്ക് വെള്ളം കയറി. ഏതാനും വീടുകളുടെ വളപ്പുകളിൽ വെള്ളം കയറിയി. ടൗണിന്റെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നുള്ള അഞ്ചോളം കുടുംബങ്ങളിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 26 പേരെ മോഹനം ഓഡിറ്റോറിയത്തിലും, ശ്രീശക്തി നിലയത്തിലേക്കും മാറ്റിപ്പാർപ്പിച്ചു.  കൂടുതൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് കമ്യൂണിസ്റ്റ്ഹാൾ, വിവിധ സ്കൂളുകൾ എന്നിവിടങ്ങളിൽ വേണ്ട സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളതായി പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ പറഞ്ഞു. മഴ തുടർന്നാൽ ചന്ദിരവനത്ത് താഴ്ന്ന പ്രദേശത്തുള്ള വീടുകളിൽ വെള്ളം കയറാനുള്ള സാധ്യതയുണ്ട്.  2018 ലെ പ്രളയസമയത്ത് വണ്ടിപ്പെരിയാർ പഞ്ചായത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ നൂറുക്കണക്കിന് വീടുകളിൽ വെള്ളം കയറുകയും നിരവധി വീടുകൾ തകരുകയും ചെയ്തിരുന്നു.  മഴ തുടരുകയും കൂടുതൽ വെള്ളം അണക്കെട്ടിൽ നിന്നു തുറന്നവിടുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ കുടുംബങ്ങളെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടി  റവന്യൂവകുപ്പും പഞ്ചായത്തും സ്വീകരിച്ചിട്ടുണ്ട്.
 മന്ത്രി റോഷി അഗസ്റ്റിൻ വള്ളക്കടവ് സന്ദർശിച്ചു ഇടുക്കി മന്ത്രി റോഷി അഗസ്റ്റിൻ വണ്ടിപ്പെരിയാർ വള്ളക്കടവ് സന്ദർശിച്ചു. മുല്ലപെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം തുറന്നുവിടുന്ന സാഹചര്യത്തിലായിരുന്നു സന്ദർശനം. വലിയതോതിലുള്ള  ആശങ്ക ഒഴിവാക്കാനാണ് മുല്ലപ്പെരിയാർ ഇപ്പോൾ കൂടുതൽ തുറക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ മുല്ലപെരിയാറിലും ഇടുക്കിയിലും സംഭരണിയിലേക്കുള്ള ഒഴുക്ക് വർധിച്ചു. ഈ സാഹചര്യത്തിൽ കൂടുതൽ ജലം ഒഴുക്കികളഞ്ഞില്ലെങ്കിൽ രണ്ട് ഡാമിന്റെയും ജലനിരപ്പ് ഉയർന്നു നിൽക്കും.   രാത്രി 12ന് ജലനിരപ്പ് റൂൾ കർവ് പരിധിയിലേക്കെത്തിക്കാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം നൗഷാദ്,വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് കെ എം ഉഷ,  ഉദ്യോഗസ്ഥ പ്രതിനിധികൾ തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. Read on deshabhimani.com

Related News