ആഗ്നസും ആല്‍ഫയും പറക്കും; ഉസ്‌ബെക്കിസ്ഥാനിലേക്ക്

ജീറ്റ് കുനേ ദോ അന്തർദേശീയ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടിയ 
ആഗ്നസ് മരിയയും ആൽഫ മരിയയും മാതാപിതാക്കൾക്കും 
ഇളയ സഹോദരനുമൊപ്പം


കട്ടപ്പന ‘‘ഞങ്ങൾക്കൊരു വീടുണ്ടായിരുന്നെങ്കിൽ, അതെങ്കിലും വിറ്റ് മക്കളെ വിദേശത്തെ ചാമ്പ്യൻഷിപ്പിന് അയയ്ക്കുമായിരുന്നു. പക്ഷെ..’’ മക്കളുടെ സ്വപ്‌നതുല്യമായ നേട്ടങ്ങൾ വിവരിക്കുമ്പോഴും ഇരട്ടയാർ കാറ്റാടിക്കവല കളപ്പുരയ്ക്കൽ വിൻസെന്റിന്റെയും ഭാര്യ ലൈസാമ്മയുടെയും വാക്കുകൾ പലപ്പോഴും മുറിഞ്ഞുപോയി. മക്കളും ജീറ്റ് കുനേ ദോ ദേശീയ മെഡൽ ജേതാക്കളുമായ ആഗ്നസിനും ആൽഫയ്ക്കും ഉസ്‌ബെക്കിസ്ഥാനിൽ നടക്കുന്ന അന്തർദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ഇതിനായി മൂന്നുലക്ഷം രൂപ കണ്ടെത്തണം. എന്നാൽ വാടക വീട്ടിൽ കഴിയുന്ന ഈ നിർധന കുടുംബത്തിന് ഇത്ര വലിയ തുക ഒറ്റയ്ക്ക് കണ്ടെത്താൻ പ്രയാസമായതിനാൽ ആരെങ്കിലും സഹായിക്കുമെന്നാണ് പ്രതീക്ഷ. പൂനെയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ സബ് ജൂനിയർ വിഭാഗത്തിൽ ആഗ്നസ് മരിയ സ്വർണവും ജൂനിയർ വിഭാഗത്തിൽ മൂത്ത സഹോദരി ആൽഫ മരിയ വെള്ളിയും നേടിയാണ് അന്തർദേശീയ തലത്തിൽ യോഗ്യത നേടിയത്. ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ ഹൈസ്‌കൂളിലെ വിദ്യാർഥികളായ ഇരുവരും മൂന്നുവർഷമായി കമ്പിളികണ്ടം സ്വദേശി രാജൻ ജേക്കബിന്റെ ശിക്ഷണത്തിൽ ജീറ്റ് കുനേ ദോ അക്കാദമിയിൽ ആയോധന കല പരിശീലിച്ചുവരുന്നു. കുട്ടികളുടെ പഠനവും പരിശീലനവും ജെസിബി ഓപ്പറേറ്ററായ വിൻസെന്റിന്റെ ഏക വരുമാനത്തിലാണ്. മുന്നാം ക്ലാസിൽ പഠിക്കുന്ന ആഗ്നസും പത്താം ക്ലാസുകാരി ആൽഫയും നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുണ്ട്. ഉസ്‌ബെക്കിസ്ഥാനിൽ ജൂലൈ 29 മുതൽ ഓഗസ്റ്റ് എട്ട്‌ വരെയാണ് അന്തർദേശീയ ചാമ്പ്യൻഷിപ്പ്. സ്വപ്‌ന സാക്ഷാത്ക്കാരത്തിന് സന്മനസുകളോ സന്നദ്ധ സംഘടനകളോ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കുട്ടി ദേശീയ ചാമ്പ്യൻമാർ. Read on deshabhimani.com

Related News