ഋഷ്യശൃംഗന്റെ കാട്‌, 
മനംമയക്കും ഈ വലിയമാവ്‌



മൂലമറ്റം നിഗൂഢതകൾ ഒളിപ്പിച്ചുവച്ച ചുരുളി സിനിമയിലെ കാട്‌ മനസിലുണ്ടോ. വൻമരങ്ങൾ ആകാശം മറച്ച പാതകൾ താണ്ടി ഗ്രാമീണരെത്തുന്ന കാട്ടിലെ ആ ഗ്രാമത്തിന്റെ പേര്‌ വലിയമാവ്‌. കാടിന്റെ തണുപ്പും തണലുംതേടി ഉള്ളം കുളിർപ്പിക്കുന്ന എത്രപേർ വൈശാലി അറിയും. വലിയമാവെന്ന മനോഹര ഗ്രാമത്തിലെത്താൻ ആദ്യം വൈശാലിക്കവലയിലെത്തണം. ഇടുക്കി ജില്ലയിലെ അറക്കുളം പഞ്ചായത്തിലാണ്‌ സഞ്ചാരികൾ അധികമെത്താത്ത ഈ  ഗ്രാമം.   വൈശാലിയിലിറങ്ങി ചുരുളി വഴി പോയാൽ വലിയമാവിലെത്തും എന്ന് വേണം പറയാൻ. കുളമാവ് വനത്തിനുള്ളിലെ ഈ ചെറിയഗ്രാമത്തിൽ നാൽപതിലേറെ കുടുംബങ്ങളുണ്ട്‌. ഇവിടെ ജനവാസം തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. ആനയും കാട്ടുപോത്തും മ്ലാവും പന്നിയും വിളയാടുന്ന കാടിന്റെ വശ്യത ആസ്വദിച്ച്​ യാത്രചെയ്യാനിഷ്‌ടപ്പെടുന്നവർക്ക്‌ കിളികളുടെ പാട്ടിനൊപ്പം ചീവിടുകളുടെ ശബ്‌ദവും ഒരുപോലെ ആസ്വാദ്യമാകും. ഒരു കൊച്ച് അമ്പലവും കാണാം.     കുളമാവ് പാറമട കഴിഞ്ഞാൽ വനത്തിനുള്ളിലെ ബസ് സ്റ്റോപ്പിന് ആദ്യകാലത്ത് പ്രത്യേക പേരില്ലായിരുന്നു. വനമായതിനാൽ സ്ഥലനാമം ഇല്ലാതെ യാത്രക്കാർ ബസ് കയറാനും ഇറങ്ങാനും ഈ കവലയെ ആശ്രയിച്ചു. ഇതിനിടെ 1988 ൽ ഭരതന്റെ വൈശാലി സിനിമയിലെ ആശ്രമം ഈ ഭാഗത്ത് നിർമിച്ച് സിനിമ ചിത്രീകരിച്ചു. തുടർന്ന് ഈ ബസ് സ്റ്റോപ്പ് വൈശാലി എന്നറിയപ്പെട്ടു. 33 വർഷങ്ങൾക്കു 2021 ൽ ലിജോ ജോസ്‌ പെല്ലിശേരി സംവിധാനം ചെയ്‌ത ചുരുളി എന്ന സിനിമയിലൂടെയാണ് ഈ ഭാഗം വീണ്ടും വെള്ളിത്തിരയിലെത്തുന്നത്. ചുരുളി സിനിമയുടെ ലൊക്കേഷനും ഈ ഭാഗത്താണ്. വൈശാലിക്കവലയിൽനിന്ന്‌ വലിയമാവിനുള്ള റോഡാണ് ഈ ചിത്രത്തിന്റെ പ്രധാനലൊക്കേഷൻ.    ടാർ റോഡില്ലാത്ത പ്രദേശം തേടിയെത്തി സിനിമാക്കാരാണ് ഈറോഡിൽ ചിത്രീകരണം നടത്താൻ തീരുമാനിച്ചത്. ഫോർവീൽ വാഹനങ്ങൾ മാത്രം പോകുന്ന ഈ ഗ്രാമത്തിലേക്ക് ഒരു റോഡ് ഗ്രാമീണരുടെ സ്വപ്‌നമായിരുന്നു.    ഇപ്പോൾ ‘അംബേദ്കർ ഗ്രാമം'പദ്ധതിയിലൂടെ വലിയമാവ് സമഗ്ര വികസനത്തിനൊരുങ്ങുകയാണ്. സംസ്ഥാന സർക്കാർ പട്ടികജാതി വകുപ്പിന്‌ കീഴിൽ ഒരുകോടി രൂപ വീതം ചെലവഴിച്ചാണ്‌ കോളനികളിൽ വികസന പ്രവൃത്തികൾ നടത്തുന്നത്‌. കുടിവെള്ള വിതരണം, റോഡ് നിർമാണം തുടങ്ങി അടിസ്ഥാന വികസനത്തിന്‌ ഊന്നൽ നൽകിയാണ്‌ ‌പദ്ധതി നടപ്പാക്കുന്നത്‌. മന്ത്രി റോഷി അഗസ്റ്റിന്റെയും പഞ്ചായത്തംഗം കെ എൽ ജോസഫിന്റെയും ശ്രമഫലമായാണ് പദ്ധതി ഇവിടെ നടപ്പാക്കുന്നത്. Read on deshabhimani.com

Related News