തട്ടിയത് 12,432 രൂപയെന്ന് രേഖകൾ; പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം പൊളിഞ്ഞു



തൊടുപുഴ മുസ്ലിംലീഗ്‌ ഭരിക്കുന്ന ഇടവെട്ടി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്ത്‌. പഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിൽ ഇല്ലാത്ത കിണർനിർമാണത്തിന് 12,432 രൂപ തട്ടിയെടുത്തതിന്റെ തെളിവാണ്‌ പുറത്തുവന്നത്‌. 2,657 രൂപയുടെ ക്രമക്കേട് മാത്രമേ നടന്നുള്ളൂവെന്ന പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ നൗഷാദിന്റെ വാദം ഇതോടെ പൊളിഞ്ഞു.    ഒക്ടോബർ 13 മുതൽ നവംബർ ഒമ്പതു വരെയുള്ള തീയതികളിൽ 42 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചെന്ന്‌ കാണിച്ചാണ് 12,432 രൂപ തട്ടിയത്. കിണർ നിർമിക്കാതെ 53,704 രൂപ തട്ടിയെടുക്കാനായിരുന്നു നീക്കം. തൊഴിലുറപ്പ് ഡയറക്ടറേറ്റിലെ ജോയിന്റ്‌ ഡെവലപ്‌മെന്റ്‌ കമീഷണർ പഞ്ചായത്തിൽ നടത്തിയ പരിശോധനയിലായിരുന്നു വൻക്രമക്കേട് കണ്ടെത്തിയത്. ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏതാനും താൽക്കാലിക ജീവനക്കാരുടെ മേൽ ചാരാനും പ്രസിഡന്റ്‌ ശ്രമിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രസിഡന്റ്‌ പറഞ്ഞെങ്കിലും ഇതുവരെ ഒന്നുംചെയ്‌തില്ല. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതി  പ്രമേയംപോലും പാസാക്കിയില്ല. പഞ്ചായത്ത് പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും ഒപ്പിന്റെ ബലത്തിലാണ്‌ 12,432 രൂപ തട്ടിയെടുത്തത്. ഇക്കാര്യം കലക്ടറുടെയും വിജിലൻസ് സംഘത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിൽനിന്നുള്ള പ്രത്യേക അന്വേഷകസംഘത്തിന്റെയും പരിശോധനയിൽ കണ്ടെത്തിയിരുന്നു. തൊഴിലുറപ്പുമായി ബന്ധപ്പെട്ട് വ്യക്തിഗത ആനുകൂല്യം അനുവദിച്ചതിലും നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. Read on deshabhimani.com

Related News