ശബരിമല തീർഥാടനം:
ജില്ലയിൽ ഒരുക്കങ്ങളായി



ഇടുക്കി ശബരിമലയിലെ ഈ വർഷത്തെ മണ്ഡല–-  മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ കലക്ടർ ഷീബ ജോർജിന്റെ അധ്യക്ഷതയിൽ ഓൺലൈനായി യോഗം ചേർന്നു.  കോവിഡ് വ്യാപനം കുറഞ്ഞസാഹചര്യത്തിൽ ഇത്തവണത്തെ തീർഥാടനകാലത്ത്‌ കൂടുതൽ തീർഥാടകർ ശബരിമലയിലേക്ക് എത്താൻ സാധ്യതയുണ്ട്‌. അതിനാൽ ഇടത്താവളങ്ങളും റോഡുകളുമുൾപ്പെടെ എല്ലാ ജോലികളും സമയബന്ധിതമായി പൂർത്തിയാക്കാൻ വകുപ്പ് മേധാവികളോട് കലക്ടർ നിർദേശിച്ചു.  ശബരിമലയിലേക്കുള്ള എല്ലാ റോഡുകളിലും അറ്റകുറ്റപ്പണി പൂർത്തിയാക്കണം. തീർഥാടകരെത്തുന്ന വിശ്രമകേന്ദ്രങ്ങളും കുളിക്കടവുകളും  സുരക്ഷിതമാക്കും. ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാവകുപ്പും സിവിൽ സപ്ലൈസ് വകുപ്പും പ്രത്യേക പരിശോധനകൾ നടത്താനും തീരുമാനമായി. തീർഥാടകരുടെ സൗകര്യത്തിനായി തടസ്സമുണ്ടാകാതെ വാഹനങ്ങളുടെ പാർക്കിങ്ങിന് പ്രത്യേകസ്ഥലങ്ങൾ കണ്ടെത്തണം. എല്ലാ സർക്കാർ ആശുപത്രികളിലും തീർഥാടനകാലത്ത് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തും. സുരക്ഷ ശക്തമാക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക ഡ്യൂട്ടിയിൽ വിന്യസിക്കും. മാലിന്യസംസ്‌കരണം ഉറപ്പാക്കുന്നതിന് ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. റോഡ്‌ വശങ്ങളിൽ അപകടമുന്നറിയിപ്പ് ബോർഡുകളും പ്ലാസ്റ്റിക്കുകൾ വഴിയരികിൽ വലിച്ചെറിയുന്നതിനെതിരെ ബോധവൽക്കരണ ബോർഡുകളും വിവിധ ഭാഷകളിൽ സ്ഥാപിക്കാനും നടപടിയായി. ഓൺലൈനായി ചേർന്ന യോഗത്തിൽ  പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് മേധാവികൾ, പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News