മലയിഞ്ചിയിലും ഇലപ്പള്ളിയിലും ഉരുൾപൊട്ടി; ആളപായമില്ല

ഇലപ്പള്ളിയിലുണ്ടായ ഉരുൾപൊട്ടൽ


കരിമണ്ണൂർ/ മൂലമറ്റം മലയിഞ്ചി, ഉപ്പുകുന്ന്‌, ഇലപ്പള്ളി, മേമുട്ടം പ്രദേശങ്ങളിൽ ഉരുൾപൊട്ടി വ്യാപകകൃഷിനാശം. ആളപായമില്ല. മലയിഞ്ചി ചാമക്കയത്ത്‌ വ്യാഴം രാവിലെയാണ്‌ ഉരുൾപൊട്ടിയത്‌. ചേലകാട്‌ കോട്ടപ്പറമ്പിൽ സേവ്യറിന്റെ വീടിന്റെ ഒരുഭാഗം തകർന്നു. വെള്ളം ഒഴുകിയെത്തുമ്പോൾ വീട്ടിൽ ആളില്ലായിരുന്നു. ഉപ്പുകുന്നിൽ കൃഷിനാശം നേരിട്ടു. വാരികാട്ട്‌ ടോമിയുടെ പുരയിടത്തിലാണ്‌ ഉരുൾപൊട്ടിയത്‌. വ്യാപകമായി കൃഷി നശിച്ചു. പെരിങ്ങാശേരി വെണ്ണിയാനിയിൽ പുത്തൻപുരയ്‌ക്കൽ ബെന്നിയുടെ വീടിന്റെ പിറകിൽ മണ്ണിഞ്ഞു. വീട്‌ ഭാഗികമായി നശിച്ചു.  ഇലപ്പള്ളിയിൽ  ചെളിക്കൽ കവലക്ക് സമീപമായിരുന്നു ഉരുൾപൊട്ടൽ. വട്ടപ്പാറ മോഹനന്റെ വീടിന്റെ താഴ്ഭാഗത്ത്‌ കൃഷിയിടത്തിൽ ഉച്ചയോടെയായിരുന്നു സംഭവം. പതിപ്പള്ളി–-മേമുട്ടം–- ഉളുപ്പൂണി റോഡിൽ മേമുട്ടം അങ്കണവാടിക്ക് മുകൾഭാഗത്ത് ഉരുൾപൊട്ടി ആശ്രമം ചേറാടി ഭാഗത്ത്‌ ഏക്കറുകളോളം കൃഷിഭൂമി ഒലിച്ചുപോയി. കാളിയാർപുഴ കവിഞ്ഞ്‌ കാളിയാർ, തെന്നത്തൂർ ഭാഗങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. തെങ്ങുംതോട്ടത്തിൽ വിശാഖ്‌, ശ്രീനാഥ്‌, തിയ്യാട്ട്‌ വിജി, പറപ്പള്ളിത്തറയിൽ പുരുഷൻ എന്നിവരുടെ വീടുകളിലാണ്‌ വെള്ളം കയറിയത്‌. തൊടുപുഴയാറും പലയിടത്തും കവിഞ്ഞു. കൈവഴികളിലൂടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളംകയറി.   Read on deshabhimani.com

Related News