വന്യമൃഗങ്ങളുടെ ആക്രമണം ഒഴിയാതെ തോട്ടംമേഖല

കടുവയെ പിടികൂടാൻ വനംവകുപ്പ് സ്ഥാപിച്ച കൂട്


 മൂന്നാർ  വന്യമൃഗങ്ങളുടെ ആക്രമണം ഒഴിയാതെ തോട്ടംമേഖല. രണ്ട് ദിവസത്തിനിടെ 10 ഓളം പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കണ്ണൻദേവൻ കമ്പനി നയമക്കാട് എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിലിറങ്ങിയ കടുവയാണ് രണ്ട് തൊഴുത്തിലായി കെട്ടിയിട്ടിരുന്ന കിടാവുൾപ്പെടെയുള്ള പശുക്കളെ കൊന്നൊടുക്കിയത്.  മൂന്ന് വർഷത്തിനിടെ 80 ഓളം വളർത്തുമൃഗങ്ങളാണ് വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ഇരയായത്. ഞായർ പുലർച്ചെ വനത്തിൽ നിന്നുമിറങ്ങിയ കടുവ തൊഴുത്തിൽ പ്രവേശിച്ച്  തൊഴിലാളികളായ പഴനിസ്വാമി, മാരിയപ്പൻ എന്നിവരുടെ പശുക്കളെ വകവരുത്തി. പശുക്കളുടെ ജഢം ഭക്ഷിക്കാൻ രാത്രി കടുവ എത്തുമെന്ന പ്രതീക്ഷയിൽ തൊഴിലാളികൾ കാത്തിരുന്നെങ്കിലും ഈ ഭാഗത്ത് എത്താതെ കടുവ മറ്റൊരു തൊഴുത്തിൽ കടന്ന് പശുക്കളെ ആക്രമിച്ചു കൊല്ലുകയായിരുന്നു. തോട്ടം മേഖലയിൽ പകൽ സമയങ്ങിളിലും കടുവയുടെ സാന്നിധ്യം കണ്ടുവരുന്നത് തൊഴിലാളികൾക്കിടയിൽ ഭീതി പരത്തിയിരിക്കുകയാണ്. ഒരുമാസം മുമ്പ് ലാക്കാട് എസ്റ്റേറ്റിൽ മരത്തിൽ പതിയിരുന്ന കടുവ കൊള്ളുന്ത് നുള്ളിക്കൊണ്ടിരുന്ന തൊഴിലാളികൾക്കിടയിലേക്ക് എടുത്ത് ചാടിയിരുന്നു. തലനാരിഴയ്ക്കാണ് തൊഴിലാളികൾ രക്ഷപ്പെട്ടത്. മൂന്നാർ നല്ലതണ്ണി റോഡിൽ ഡെയർ സ്കൂളിനു സമീപം കാൾസെന്റർ ജീവനക്കാർ കടുവയെ കണ്ടിരുന്നു. എസ്റ്റേറ്റിൽ കൊളുന്ത് ഇറക്കിയതിനു ശേഷം വീട്ടിലേക്ക് മടങ്ങിയ ട്രാക്ടറിനു മുമ്പിലേക്ക് കടുവ എടുത്ത് ചാടിയതിനെ തുടർന്ന് തേയില തോട്ടത്തിലേക്ക് ട്രാക്ടർ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റിരുന്നു. വർഷങ്ങൾക്ക് മുമ്പ് മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനിൽ ഉച്ചഭക്ഷണം കഴിഞ്ഞ് തോട്ടത്തിലേക്ക് പോയ സ്ത്രീ തൊഴിലാളിയുടെ ദേഹത്തേക്ക് പുലി എടുത്തു ചാടിയിരുന്നു. കൈവശമുണ്ടായിരുന്ന കത്തിവീശിയാണ്  രക്ഷപ്പെട്ടത്. പുലി, കടുവ ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ അക്രമണത്തിൽ നിന്നും ജനങ്ങളുടെ സ്വത്തിനും, ജീവനും സംരക്ഷണം  നൽകണമെന്നാവശ്യപ്പെട്ട് സിപിഐ എം, ഡിവൈഎഫ്ഐ നേതൃത്വത്തിൽ ദേവികുളം ഡിഎഫ്ഒ  ഓഫീസിനു മുമ്പിൽ  സമരം സംഘടിപ്പിച്ചിരുന്നു.   തോട്ടത്തിൽ പണിയെടുത്ത് ലഭിക്കുന്ന വരുമാനത്തിനു പുറമെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവും മറ്റ് കാര്യങ്ങൾക്കും വേണ്ടിയാണ് തൊഴിലാളികൾ പശുക്കളെ വളർത്തുന്നത്. നയമക്കാട് എസ്റ്റേറ്റിലുണ്ടായ കടുവ ആക്രമണം ആവർത്തിക്കാതിരിക്കാൻ വനം വകുപ്പിന്റെ  ഭാഗത്ത് നിന്നും ശക്തമായ നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തോട്ടം തൊഴിലാളികൾ. Read on deshabhimani.com

Related News