സഞ്ചാരികളുടെ തിരക്കിലമർന്ന്



മൂന്നാർ  പൂജ അവധി പ്രമാണിച്ച് മൂന്നാറിൽ സന്ദർശകരുടെ വൻ തിരക്ക്. രണ്ട് ദിവസമായി പെയ്ത മഴയ്ക്ക് ശമനമായതോടെ മൂന്നാറിലെ പ്രധാന വിനോദ കേന്ദ്രങ്ങളിലെല്ലാം സന്ദർശകരുടെ വൻ തിരക്കാണ്. വരയാടുകളുടെ ആവാസകേന്ദ്രമായ രാജമലയിൽ രാവിലെ മുതൽ സന്ദർശകരുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. നൂറ്കണക്കിനാളുകൾ ഇവിടെ സന്ദർശനം നടത്തി. മാട്ടുപ്പെട്ടി, എക്കോ പോയിന്റ്, കുണ്ടള എന്നിവടങ്ങളിലും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. ഭൂരിഭാഗം സഞ്ചാരികളും ബോട്ടിങ് നടത്തിയതിന്‌ ശേഷമാണ് മടങ്ങിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് സഞ്ചാരികളുടെ വരവ് കുറയുമെന്ന ആശങ്ക ടൂറിസം മേഖലയിൽ നിന്നിരുന്നു. മൂന്നാറിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന റിസോർട്ടുകളും ഹോംസ്‌റ്റേ, കോട്ടേജ് എന്നിവയും മുൻകൂർ ബുക്കിങ് മുഖേന നിറഞ്ഞു. സംസ്ഥാനത്തിന്‌ പുറത്തുനിന്നുള്ള ആളുകളും എത്തിച്ചേർന്നു. ഒരു ഇടവേളയ്ക്ക് ശേഷം മാട്ടുപ്പെട്ടി, എക്കോ പോയിന്റ്‌ എന്നിവടങ്ങളിലെ വഴിയോര കച്ചവട സ്ഥാപനങ്ങളും സജീവമായി. മാട്ടുപ്പെട്ടി റോഡിൽ കെഎഫ്ഡിസിയുടെ  പൂന്തോട്ടം സന്ദർശിക്കുന്നതിന് സ്ത്രീകളടക്കമുള്ളവരുടെ തിരക്ക് അനുഭവപ്പെട്ടു. ഫോട്ടോ പോയിന്റിൽ എത്തിയ സന്ദർശകർ സെൽഫിയെടുത്താണ് മടങ്ങിയത്. Read on deshabhimani.com

Related News