കരുണാപുരത്ത്‌ പ്രസിഡന്റ്‌ പുറത്ത്‌; മറനീക്കി യുഡിഎഫ്‌– എൻഡിഎ അവിശുദ്ധസഖ്യം



നെടുങ്കണ്ടം കരുണാപുരം പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിൻസി വാവച്ചനെതിരെ യുഡിഎഫ്‌– എൻഡിഎ കൂട്ടുകെട്ട്‌ കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ഇതോടെ പ്രസിഡന്റ്‌ രാജിവച്ചു. വൈസ്‌ പ്രസിഡന്റ്‌ കെ ടി സാലിക്ക്‌ എതിരായ അവിശ്വാസപ്രമേയം വ്യാഴാഴ്‌ച പരിഗണിക്കും. നറുക്കെടുപ്പിലൂടെ എൽഡിഎഫിന്‌ ലഭിച്ച ഭരണം ഏഴാം മാസമായപ്പോഴാണ്‌ അധികാരക്കൊതി മൂത്ത്‌ അവിശുദ്ധസഖ്യത്തിലൂടെ യുഡിഎഫ്‌ അട്ടിമറിച്ചത്‌. പ്രസിഡന്റ് തെരഞ്ഞെടുപ്പിലും എൻഡിഎ പിന്തുണ യുഡിഎഫ്‌ ഉറപ്പാക്കി. യുഡിഎഫിനൊപ്പം നിൽക്കുമെന്ന്‌ എൻഡിഎ പാനലിൽ വിജയിച്ച ബിഡിജെഎസ് അംഗം വ്യക്തമാക്കി.       പണം കൊടുത്താണ്‌ ബിഡിജെഎസ് അംഗത്തെ യുഡിഎഫ്‌ വശത്താക്കിയതെന്ന്‌ ആരോപണമുണ്ട്‌. കഴിഞ്ഞ ആറുമാസം പഞ്ചായത്തിൽ വികസനംനടന്നിട്ടില്ലെന്ന ആരോപണവുമായാണ്‌ യുഡിഎഫ്‌ അവിശ്വാസപ്രമേയം കൊണ്ടുവന്നത്‌. എന്നാൽ, വികസനമോരോന്നും അക്കമിട്ട്‌ നിരത്തി എൽഡിഎഫ്‌ ഭരണസമിതി ഇതിന്‌ മറുപടി നൽകി. കഴിഞ്ഞ 10 വർഷത്തെ യുഡിഎഫ്‌ ഭരണത്തിലെ വികസന പോരായ്‌മകളും തുറന്നുകാട്ടി. കോവിഡ്‌ പ്രതിരോധത്തിലെ പ്രശംസാർഹമായ പ്രവർത്തനങ്ങൾക്കു പുറമെ, മുൻഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ മുടങ്ങിയ അനേകം കോടിയുടെ വികസന പ്രവർത്തനങ്ങളും എൽഡിഎഫ് ഭരണസമിതി നടപ്പാക്കിയിരുന്നു. വരുംകാലങ്ങളിൽ ഇത്‌ തിരിച്ചടിയായേക്കുമെന്ന്‌ ഭയന്നും വികസനപ്രവർത്തനങ്ങളിൽ വൻ അഴിമതി ലക്ഷ്യമിട്ടുമാണ്‌ എൻഡിഎ അംഗത്തെ വിലയ്‌ക്ക്‌ എടുത്തതെന്ന്‌ എൽഡിഎഫ്‌ ആരോപിച്ചു. Read on deshabhimani.com

Related News