കൃഷി നശിപ്പിക്കാൻ മയിലുകളും; 
മറയൂരിലെ കർഷകർ പ്രതിസന്ധിയിൽ

മറയൂരിലെ കരിമ്പിൻ തോട്ടത്തിൽ എത്തിയ മയിലുകൾ


മറയൂർ മറയൂർ ഉൾപ്പെടെയുള്ള അഞ്ചുനാട്‌ മേഖലയിൽ വന്യമൃഗങ്ങൾക്കു പുറമെ കാർഷികമേഖലയ്‌ക്ക്‌ വെല്ലുവിളിയായി മയിലുകളും. കരിമ്പ് കൃഷി തളിർക്കുമ്പോൾതന്നെ ഇവ കൂട്ടത്തോടെയെത്തി നശിപ്പിക്കുന്നു. പച്ചക്കറി വിളകൾക്കും ഇതേ ഗതിയാണ്‌. വന്യമൃഗങ്ങളോട്‌ മല്ലടിച്ചും അടിക്കടിയുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങളോട്‌ പടപൊരുതിയുമാണ്‌ ഇവിടെ കർഷകർ ജീവിക്കുന്നത്‌.  കരിമ്പുകൃഷി തളിർത്ത്‌ തുടങ്ങുമ്പോഴേക്കും മയിലുകളെത്തി അതിന്റെ തലഭാഗം കൊത്തി നശിപ്പിക്കും. മറ്റു കാർഷിക വിളകളും പൂർണമായി വളർച്ചയെത്തുംമുമ്പേ നശിപ്പിക്കുന്നത്‌ കർഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്‌. ഓണവിപണി ലക്ഷ്യമിട്ട്‌ ഉൽപ്പാദിപ്പിച്ച വിളകൾ കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും നശിച്ചിരുന്നു. മയിലിന്റെ ആക്രമണവും കൂടിയായപ്പോൾ കർഷകർ ഏറെ ദുരിതത്തിലായി. ലക്ഷങ്ങൾ മുടക്കിയാണ് കൃഷി. ഇതിനിടയിൽ ഹോർട്ടികോർപ്‌ മുഖാന്തരം ലഭിക്കേണ്ട തുകയും കുടിശ്ശികയാണ്‌. ലോക്‌ഡൗണിൽ ഏറെ ബുദ്ധിമുട്ടുകൾ തരണംചെയ്താണ് തമിഴ്‌നാട്ടിൽനിന്നും മറ്റും ഇരട്ടിവിലയ്‌ക്ക്‌ വിത്ത്‌ ശേഖരിച്ച് കൃഷി നടത്തുന്നത്. Read on deshabhimani.com

Related News