ജില്ല പൂർണസജ്ജം



ഇടുക്കി  ജില്ലയിൽ ഇടമലക്കുടി ഒഴികെയുള്ള എല്ലാ പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും കോവിഡ് പ്രഥമതല പരിശോധനാ കേന്ദ്രങ്ങൾ സജ്ജീകരിച്ചു. ഇത്തരത്തിൽ 54 കേന്ദ്രങ്ങളിലായി 5,606 കിടക്കൾക്ക്‌ സൗകര്യമൊരുക്കി. ഇതിൽ ഇപ്പോൾ രോഗബാധിതരെ പ്രവേശിപ്പിക്കാൻ തക്കവിധം പൂർണമായും സജ്ജീകരിച്ച 3,114 കിടക്കകളിൽ 230 എണ്ണത്തിൽ മാത്രമാണ് രോഗികളുള്ളത്. രണ്ട് കോവിഡ് ആശുപത്രികളിലായി 632 കിടക്കകളുള്ളതിനാൽ പകുതിയിൽ മാത്രമാണ് ഇപ്പോൾ രോഗബാധിതരുള്ളത്. മുൻകരുതൽ എന്ന നിലയിൽ തൊടുപുഴ ജില്ലാ ആശുപത്രിയിൽ സെമി ക്രിട്ടിക്കൽ രോഗികളുടെ അടിയന്തര ചികിത്സയ്ക്കായി 10 കിടക്കകൾ ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ ഇടുക്കി മെഡിക്കൽ കോളേജിലാണ് ഐസിയു, വെന്റിലേറ്റർ സൗകര്യമുള്ളത്. പ്രഥമ പരിശോധനാകേന്ദ്രങ്ങളിൽ ഓരേ മെനുവിൽ ഭക്ഷണം നൽകാൻ ക്രമീകരണം ഏർപ്പെടുത്തിയെന്ന് കലക്ടർ എച്ച്‌ ദിനേശൻ യോഗത്തിൽ അറിയിച്ചു. കോവിഡ് രോഗികളെ കിടത്തി ചികിത്സയില്ലാത്ത ആശുപത്രികളിൽ ജനറൽ ഒപി വിഭാഗം പൂർണമായും പ്രവർത്തിക്കും. 15 ഓടെ ഇടുക്കി മെഡിക്കൽ കോളേജിലെ എല്ലാ വിഭാഗം ഒപിയും പുതിയ ബ്ലോക്കിലേക്ക്‌ മാറ്റി ജനങ്ങൾക്ക് ചികിത്സ ഉറപ്പാക്കും. പോസ്റ്റ്‌മോർട്ടം നടപടികൾ വേഗത്തിലാക്കാൻ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രത്യേകമായി ഫോറൻസിക് സർജനെ ചുമതലപ്പെടുത്തും.  പൊതുചന്തകളിൽ ഇതര സംസ്ഥാനത്തുനിന്ന്‌ എത്തുന്ന ലോഡുകൾ നിശ്ചിത സമയത്ത്, നിശ്ചിത സ്ഥലത്ത് ഇറക്കി മടങ്ങാനുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. തൊടുപുഴയിൽ ഇത്തരത്തിൽ ലോഡ് ഇറക്കി വാഹനം പോയ ശേഷം മാർക്കറ്റ് പൂർണമായും അണുവിമുക്തമാക്കിയ ശേഷമാണ് രാവിലെ മറ്റ് വ്യാപാരസ്ഥാപനങ്ങൾ തുറക്കുന്നത്. എംഎൽഎമാരായ എസ് രാജേന്ദ്രൻ, റോഷി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, കോവിഡ് കെയർ സെന്റർ സ്പെഷ്യൽ ഓഫീസർ പ്രേംകൃഷ്ണൻ, അസി. കലക്ടർ സൂരജ് ഷാജി, ജില്ലാ പൊലീസ്‌ മേധാവി ആർ കറുപ്പസ്വാമി, എഡിഎം ആന്റണി സ്‌കറിയ, ഡിഎംഒ എൻ പ്രിയ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അബ്ദുൾ റഷീദ്, സൂപ്രണ്ട് ഡോ. എസ് എൻ രവികുമാർ, ഡിപിഎം ഡോ. സുജിത്ത് സുകുമാരൻ എന്നിവർ നേരിട്ടും അഡ്വ. ഡീൻ കുര്യാക്കോസ് എംപി, ഇ എസ് ബിജിമോൾ എംഎൽഎ എന്നിവർ ഒൺലൈനായും യോഗത്തിൽ പങ്കെടുത്തു.   Read on deshabhimani.com

Related News