നാടിനെ ഹരിതാഭമാക്കാം



ഇടുക്കി നാടിനെ ഹരിതാഭമാക്കാൻ വനം-വന്യജീവി വകുപ്പിന്റെ വൃക്ഷത്തൈകൾ തയാറായി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവൽക്കരണത്തിന് വിവിധ തൈ ഇനങ്ങളാണ് വകുപ്പ് ഇക്കുറിയും സജ്ജമാക്കിയിട്ടുള്ളതെന്ന് വനംവകുപ്പ് സാമൂഹ്യ വനവൽക്കരണ വിഭാഗം മേധാവി ഇ പ്രദീപ്കുമാർ അറിയിച്ചു. റമ്പൂട്ടാൻ, കറിവേപ്പ്, ഞാവൽ, ആര്യവേപ്പ്, മാതളം, പ്ലാവ്, നെല്ലി, വാളൻപുളി, നാരകം, തേക്ക്, മാവ്,  സപ്പോട്ട, ചെറുനാരകം, കണിക്കൊന്ന, കുടംപുളി, ചെമ്പകം, ഇലഞ്ഞി, മുരിങ്ങ, മുള, മുള്ളാത്തി, നീർമരുത്, പനീർചാമ്പ, തേക്ക് സ്റ്റമ്പ്, മണിമരുത്, ബദാം, ഇരുമ്പൻപുളി, അമ്പഴം, അരിനെല്ലി, ഉങ്ങ്, ഈട്ടി, അശോകം, ചന്ദനം, രക്തചന്ദനം, ദന്തപ്പാല, കൂവളം, തമ്പകം, കറുവ, ഇടന, പാച്ചോറ്റി, ആഞ്ഞിലി, പതിമുഖം, മഞ്ചാടി, ചൂരക്കാലി, ചമത, കരിങ്ങാലി, താന്നി, സിൽവർ ഓക്ക്, പൂവരശ്, കുന്നിവാക, കാട്ടുങ്ങ്, വേറ്റിവേർ, പൂമരുത്, അകിൽ, കാറ്റാടി, ലയാങ്ങി, മൈല, പുന്ന, തത്തിരി, ഇലിപ്പ, തെക്കോമ, പൂവം, വേങ്ങ, കുമ്പിൾ, ജക്രാന്ത, പെൽറ്റഫോറ എന്നിങ്ങനെ 65 ഇനം തൈകളാണ് തിങ്കൾ മുതൽ വനമഹോത്സവം അവസാനിക്കുന്ന ഏഴുവരെ ലഭ്യതയനുസരിച്ച് വിതരണം ചെയ്യുന്നത്. വിതരണത്തിന് ഇതിനോടകം ആകെ 20,91,200 തൈകൾ തയാറായിട്ടുണ്ട്. വൃക്ഷവൽക്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ മുതലായവയ്ക്ക് സൗജന്യമായി വൃക്ഷത്തെ വിതരണം ചെയ്യും. വരുന്ന മൂന്നു വർഷങ്ങളിൽ വൃക്ഷത്തൈ നട്ടു പരിപാലിക്കും എന്ന് ഉറപ്പുവരുത്തി സർക്കാരേതര സംഘടനകൾക്കും തൈകൾ ലഭ്യമാക്കും. ഇത്തരത്തിൽ തൈകൾ അതത് വനംവകുപ്പ് നഴ്സറികളിൽ നിന്നും നേരിട്ട് കൈപ്പറ്റാം. വൃക്ഷത്തൈ വിതരണത്തിനായി ഓരോ ജില്ലകളിലും രണ്ടോ മൂന്നോ സബ് ഔട്ട്ലെറ്റുകളും വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. സൗജന്യ വൃക്ഷത്തൈകൾക്കായി ഇവിടങ്ങളിലും ബന്ധപ്പെടാം. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എൻഎസ്എസ്, എൻജിഒകൾ മുതലായവയുമായി സഹകരിച്ച് സ്ഥാപന വനവൽക്കരണ പ്രവർത്തനങ്ങളും വകുപ്പ് ആവിഷ്‌ ക്കരിച്ചിട്ടുണ്ട്. Read on deshabhimani.com

Related News