ഇത്‌ ബാബുവിന്റെ ഗാന്ധിമാർഗം



രാജാക്കാട്‌ ഹിംസയും അരാജകത്വവും വളരുമ്പോള്‍ പുതുതലമുറയ്ക്ക് ഗാന്ധിയിലേക്കുള്ള വഴികാട്ടുകയാണ് ബൈസണ്‍വാലി ഉദിക്കുന്നേല്‍ ബാബു പാര്‍ത്ഥന്‍. പഠിച്ച ബൈസണ്‍വാലി ഗവ. ഹയര്‍‍സെക്കൻഡറി സ്കൂളില്‍ സ്ഥാപിക്കാൻ ആറടിയിലധികം ഉയരമുള്ള ഗാന്ധി പ്രതിമയാണ് ചുമട്ടുതൊഴിലാളികൂടിയായ ബാബു നിര്‍മിച്ചത്. ടൗണിലെ ജോലി കഴിഞ്ഞ് വീട്ടിലെത്തി രാത്രി സമയം കണ്ടെത്തിയാണ് ജീവന്‍തുടിക്കുന്ന പ്രതിമ പൂര്‍ത്തീകരിച്ചത്.  വര്‍ഗീയതയും അക്രമവും സംഘര്‍ഷങ്ങളും വളരുന്ന ഘട്ടത്തില്‍ ഗാന്ധിയെ അറിഞ്ഞ് വളരണമെന്ന സന്ദേശമാണ് ബാബു പുതുതലമുറയ്‌ക്ക്‌ നൽകാൻ ശ്രമിക്കുന്നത്. ചുമട്ട് തൊഴിലാളിയാണെങ്കിലും കവിതയും എഴുതാറുണ്ട്‌. പുസ്തകങ്ങളില്‍നിന്ന്‌ നിരവധി ലോകനേതാക്കളെ വായിച്ചറിഞ്ഞതിൽ ഏറെ സ്വാധീനിച്ചത് മഹാത്മാ ഗാന്ധി. പുതുതലമുറ ഗാന്ധിയെ പഠിക്കേണ്ടത് അനിവാര്യമാണെന്ന ചിന്തയില്‍നിന്നാണ് പ്രതിമ നിർമിക്കാൻ തീരുമാനിച്ചത്‌. മൂന്ന് വര്‍ഷത്തെ നിരന്തര അധ്വാനം ഇതിനുപിന്നിലുണ്ട്‌. ഭാര്യ സതി എല്ലാ സഹായവും നല്‍കി ഒപ്പംനിന്നു. മഴയും വെയിലും ഏറ്റാലും നശിക്കാത്ത തരത്തിലാണ് ശില്‍പ്പനിര്‍മാണം. ആദ്യമായാണ് പ്രതിമ നിർമിക്കുന്നതെന്ന്‌ ബാബു പറഞ്ഞു. കണ്ടും കേട്ടുമുള്ള അറിവുകൾ ഉൾക്കൊണ്ടാണ് പൂർണകായ പ്രതിമ പൂർത്തീകരിക്കാനായത്‌. മക്കള്‍ പഠിക്കുന്നതും ഇതേ സ്കൂളിൽ. ഗാന്ധി ജയന്തിയായ ഞായർ രാവിലെ 9ന്‌ അഡ്വ. എ രാജ എംഎൽഎ ശില്‍പ്പം അനാശ്ചാദനം ചെയ്യും. ബൈസൺവാലി പഞ്ചായത്ത് പ്രിസിഡന്റ്‌ ബിജു കൃഷ്ണൻകുട്ടി അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രിസിഡന്റ്‌  ഉഷാ മോഹൻകുമാർ ഗാന്ധിസന്ദേശം നൽകും. ചടങ്ങ്‌ ഉത്സവമാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാർ. Read on deshabhimani.com

Related News