ഓണക്കിറ്റ് ആദ്യദിനം അയ്യായിരത്തോളം കുടുംബങ്ങളിലേക്ക്‌

തൊടുപുഴയിൽ ഓണക്കിറ്റ് നഗരസഭാ ചെയർമാൻ സനീഷ് ജോർജ്‌ വിതരണം ചെയ്യുന്നു


ഇടുക്കി സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ്‌ വിതരണം ജില്ലയിൽ ആരംഭിച്ചു. കോവിഡ്‌ പശ്ചാത്തലത്തിൽ ജില്ലാ, താലൂക്ക് തലങ്ങളിലെ ഉദ്ഘാടനച്ചടങ്ങുകൾ ഒഴിവാക്കി. റേഷൻ കടകളിൽ എത്തുന്നവർക്ക് ജനപ്രതിനിധികൾ കിറ്റുകൾ കൈമാറിയാണ് വിതരണം ആരംഭിച്ചത്. ആദ്യദിനം അയ്യായിരത്തോളം കാർഡ്‌ ഉടമകൾ കിറ്റ് വാങ്ങി. ജില്ലയിൽ അഞ്ച് താലൂക്കുകളിലുമായി 687 റേഷൻ കടകളാണുള്ളത്. 33,590 എഎവൈ (മഞ്ഞ കാർഡ്), 1,29,672 മുൻഗണനാ വിഭാഗം(പിങ്ക് കാർഡ്), 71,174 സബ്‌സിഡി വിഭാഗം(നീല കാർഡ്), പൊതുവിഭാഗം 77,017(വെള്ള കാർഡ്) എന്നിങ്ങനെ 3,11,453 കിറ്റുകളാണ് ജില്ലയിൽ വിതരണം ചെയ്യുന്നത്. ഇതിൽ എഎവൈ കാർഡിനുള്ള കിറ്റാണ് ആദ്യഘട്ടമായി നൽകുന്നത്. കിറ്റുകൾ പൂർണമായും റേഷൻ കടകളിലെത്തിച്ചു. വരും ദിവസങ്ങളിൽ മറ്റ് വിഭാഗങ്ങൾക്കുള്ള കിറ്റുകളും കടകളിലെത്തും.  18ന് മുമ്പായി എല്ലാ വിഭാഗങ്ങൾക്കുമുള്ള കിറ്റുകൾ വിതരണം ചെയ്യുമെന്ന് ജില്ലാ സപ്ലൈ ഓഫീസ് അധികൃതർ പറഞ്ഞു. ഒരു കിലോ പഞ്ചസാര, 500 മില്ലി വെളിച്ചെണ്ണ, 500 ഗ്രാം ചെറുപയർ, 250 ഗ്രാം തുവരപ്പരിപ്പ്, 100 ഗ്രാം വീതം തേയില, മുളകുപൊടി, മഞ്ഞൾ, ഒരു കിലോ ശബരി പൊടിയുപ്പ്, 180 ഗ്രാം സേമിയ, 180 ഗ്രാം പാലട, 500 ഗ്രാം ഉണക്കലരി എന്നിവയടങ്ങിയ പായ്‌ക്കറ്റ്, 50 ഗ്രാം കശുവണ്ടിപ്പരിപ്പ്, ഒരു പായ്‌ക്കറ്റ്(20 ഗ്രാം) ഏലയ്‌ക്ക, 50 മില്ലി നെയ്യ്, 100 ഗ്രാം ശർക്കര വരട്ടി/ ഉപ്പേരി, ഒരു കിലോ ആട്ട, ഒരു ശബരി ബാത്ത് സോപ്പ്, തുണിസഞ്ചി എന്നിങ്ങനെ 16 ഇനം സാധനങ്ങളാണ് ഭക്ഷ്യക്കിറ്റിൽ ഉണ്ടാവുക. Read on deshabhimani.com

Related News