ശാന്തൻപാറയിൽ നീലക്കുറിഞ്ഞി വസന്തം

ശാന്തൻപാറ ശാലോംകുന്ന് മലനിരകളിലെ നീലക്കുറിഞ്ഞി വസന്തം


രാജാക്കാട് ഹൈറേഞ്ചിലെ മലനിരകളെ വീണ്ടും നീലപ്പട്ട് പുതപ്പിച്ച്‌ നീലക്കുറിഞ്ഞി വസന്തം. ശാന്തൻപാറ പഞ്ചായത്തിലെ മലനിരകളിലാണ്‌ ഈ വിസ്‌മയദൃശ്യം. കഴിഞ്ഞ മാസം ദൃശ്യവിരുന്നേകിയ കിഴക്കാതിമലനിരയോട് ചേർന്ന് ശാലോംകുന്ന് മലനിരകളാണ് ഇപ്പോൾ നീലവർണമണിഞ്ഞത്‌. രണ്ടു മാസത്തിനിടയിൽ രണ്ടാംതവണയാണ്‌ ഈ പ്രതിഭാസം. ജൂണിൽ മൂന്നേക്കറോളം ഭാഗത്താണ് പൂവിട്ടത്. ഇതിനുശേഷം പുത്തടി മലനിരകളിലും നിലവസന്തം ദൃശ്യമായി. ശക്‌തമായ കാലവർഷത്തോടെ കുറിഞ്ഞിപ്പൂക്കൾ നിറംമങ്ങി കൊഴിഞ്ഞു. മഴ മാറി മാനം തെളിഞ്ഞതോടെയാണ്‌ വീണ്ടും മൊട്ടിട്ടത്‌. വിവിധ മലനിരകളിലായി പത്ത് ഏക്കറിലധികം കുറിഞ്ഞിച്ചെടികളുണ്ട്‌. ശാന്തൻപാറ ഫോറസ്റ്റ്‌ ഓഫീസിന് സമീപത്തുനിന്ന്‌ ശാലോംകുന്ന് യാക്കോബായ പള്ളിയുടെ മുന്നിലൂടെ രണ്ടുകിലോമീറ്റർ സഞ്ചരിച്ചാൽ മലമുകളിലെത്താം. കോടമഞ്ഞ്‌ മൂടിയ മലനിരകളെ ഇളംകാറ്റ് തഴുകുമ്പോൾ വർണക്കാഴ്‌ച മുന്നിൽ തെളിയുകയായി. കഴിഞ്ഞ വർഷവും ശാന്തൻപാറ പഞ്ചായത്തിന്റെ അതിർത്തിഗ്രാമമായ തോണ്ടിമലയിൽ വ്യാപകമായി നീലക്കുറിഞ്ഞി പൂത്തിരുന്നു. പ്രാദേശിക സഞ്ചാരികൾ മാത്രമാണ്‌ ഇപ്പോൾ ഈ കാഴ്‌ച ആസ്വദിക്കുന്നത്‌. കോവിഡ് മഹാമാരി പുറമെനിന്നുള്ള വിനോദസഞ്ചാരികളിൽനിന്ന്‌ ഈ നീലവസന്തത്തെ മറച്ചുപിടിച്ചിരിക്കുകയാണ്. എങ്കിലും നിയന്ത്രണങ്ങളോടെ സഞ്ചാരികൾക്ക് ഇവിടെയെത്തി മനംനിറച്ച്‌ മടങ്ങാം.   Read on deshabhimani.com

Related News