കോവിഡ്‌ കാലം ഹൈറേഞ്ചിന്റെ മലഞ്ചരക്ക്‌ വിപണിയെ തകിടം മറിച്ചു



  കട്ടപ്പന  ജില്ലയിലെ മലഞ്ചരക്ക് വിപണിയെ തകിടംമറിച്ച്‌ കോവിഡ്‌ 19.  ഇതോടെ ഏലവും കുരുമുളകും സുഗന്ധവ്യഞ്ചനങ്ങളും  കൃഷി ചെയ്യുന്ന കർഷകർ കടുത്ത പ്രതിസന്ധിയിലായി. ഹൈറേഞ്ചിലെ സാമ്പത്തിക മേഖലയെ നിയന്ത്രിക്കുന്ന ഏലവും കുരുമുളകും കൃഷിചെയ്യുന്ന കർഷകർ കടുത്ത ദുരിതത്തിലും പ്രതിസന്ധിയിലുമാണ്‌. ഏലക്കായ്‌ക്ക്‌ 1000 ന്‌ മുകളിൽ വില ലഭിക്കുന്നുണ്ടെങ്കിലും വിപണിയിൽ ഉണർവ്‌ ഉണ്ടാകാത്തത്‌  കർഷകരെ  പ്രതിസന്ധിയിലാക്കി. കുരുമുളകിന്റെയും  കാപ്പിയുടെയും കാര്യത്തിൽ സ്‌ഥിതി നേരെമറിച്ചാണ്. കുരുമുളകിനും കാപ്പിക്കും മതിയായ വിലകിട്ടിയിട്ട്‌ വർഷങ്ങളായി. ഹൈറേഞ്ചിന്റെ  മലഞ്ചരക്ക് വിപണിയായ കട്ടപ്പനയിൽ കച്ചവടക്കാരും വലിയ നിരാശയിലാണ്‌. ശരാശരി 4000 രൂപയോളം എത്തിയ ഏലക്കായുടെ വില പകുതിയലും താഴെയായി.  കോവിഡ് 19 നെ തുടർന്ന് വിപണിയിൽ  മരവിപ്പും നിശ്‌ചലാവസ്‌ഥയും തുടരുകയാണ്‌. ഏലത്തിന്റെ ഓൺലൈൻ ലേലം പലവട്ടം  നിർത്തിവെക്കേണ്ടി വന്നു. പുറ്റടിയിലും തമിഴ്‌നാട്ടിലെ ബോഡിയിലുമാണ്‌ ലേലം നടക്കുന്നത്‌. എന്നാൽ, പല ദിവസങ്ങളിലും കോവിഡ്‌ ഭീതിയെ തുടർന്ന്‌ നിർത്തി വയ്‌ക്കേണ്ടതായും വന്നിട്ടുണ്ട്‌.  ഇതുമൂലം കർഷകർക്ക്‌  ഏലക്കായ വിറ്റഴിക്കാൻ കഴിയാത്ത അവസ്‌ഥയുമുണ്ടായി.  ഇതോടെ വ്യാപാരികളും കർഷകരും വലിയ പ്രതിസന്ധിയാണ്‌ നേരിടുന്നത്‌.  കഴിഞ്ഞ വർഷം ഏലക്കായ്‌ക്ക്‌ ഏറ്റവും നല്ല വില കിട്ടിയിരുന്നത്‌. കിലോഗ്രാമിന് ഏലക്കായ്‌ക്ക്‌ ശരാശരി വില 4500 കടക്കുകയും ഉയർന്നവിലയായ 8000-ൽ എത്തി. രണ്ട് വർഷം മുമ്പ് വില കിലോഗ്രാമിന് 400 രൂപയിൽ താഴെയായിരുന്നു.  പ്രളയം ഏലകൃക്ഷിയ്ക്ക് ഉണ്ടാക്കിയ കനത്തനാശമാണ്. പിന്നാലെ വേനലിൽ ഏലകൃഷിപാടേ കരിഞ്ഞുണങ്ങുകയും ചെയതതോടെ ഉല്പാദനത്തിലും കൃഷിയിലും 60 ശതമാനത്തിന്റെ ഇടിവുണ്ടായതാണ് വില ഉയർച്ചയ്ക്ക് ഈടാക്കിയത്.എന്നാൽ, അടുത്ത നാളിൽ വിലയിൽ വലിയ കുറവാണുണ്ടായത്.  കുരുമുളക് വിലക്കുറവ്‌ മൂലം പലരും  കൃഷി തന്നെ ഉപേക്ഷിച്ച മട്ടിലാണ്. 600 രൂപയെങ്കിലും കിട്ടിയെങ്കിലേ കൃഷി ലാഭകരമാകും. അഞ്ച് വർഷം മുമ്പ് കിലോഗ്രാമിന് 730 രൂപ വരെ ഉയർന്നിരുന്നു എന്നാൽ  കുരുമുളകിന്റെ ഇന്നത്തെ വില 305 രൂപയാണ്. സംസ്ഥാനത്ത് കുരുമുളക് ഉൽപാദനം കുറഞ്ഞിട്ടും വില ഉയരാത്തത് ഇറക്കുമതിയാണ്.     കാപ്പിയും  കടുത്ത വിലത്തകർച്ചയാണ്  നേരിടുന്നത്. കാപ്പിക്കുരുവിന് കിലോഗ്രാമിന് 115 മുതൽ 120 രൂപ വരെയാണ് ഈ വർഷം ശരാശരി ലഭിച്ചത്‌. കാപ്പിപൊടിയുടെ വില ഉയർന്നിട്ടും കുരുവിന്റെ വില ഉയർന്നിട്ടില്ല. അടുത്ത സീസണിൽ വില ഉയരുമെന്നാണ് കർഷകരുടെ പ്രതീക്ഷ. വിളകളുടെ വിലത്തകർച്ച കർഷകരുടെയും വ്യാപാരികളുടെയും  ജീവിത നിലവാരത്തെയും ബാങ്കുകളിലെ തിരിച്ചടവിനെയും സാരമായി ബാധിച്ചു.  വായ്പകൾക്ക് സർക്കാർ മെറോട്ടേറിയം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ജപ്തി നടപടികളിൽ നിന്ന് ആശ്വാസം ലഭിക്കുന്നുണ്ട്.   ജാതിക്ക, ജാതി പത്രി, ഗ്രാമ്പു തുടങ്ങിയ മലഞ്ചരക്ക് ഉൽപ്പന്നങ്ങൾക്കും വിപണിയിൽ ന്യായ വില ലഭിക്കുന്നില്ല.  ജാതിക്ക കിലോഗ്രാമിന്  ശരാശരി 190–-225 രൂപയിലും ജാതിപത്രി 1400–--1550 രൂപയുമാണുള്ളത്‌. ഗ്രാമ്പു കിലോഗ്രാമിന് 450 രൂപയിലും വിറ്റഴിക്കേണ്ട ഗതികേടിലാണ്‌ കർഷകർ. മിക്കകൃഷികളുടെയും പണിക്കൂലിപോലും കിട്ടുന്നില്ല. മഞ്ഞളിന്  വില കിലോഗ്രാമിന്‌  110 രൂപയ്‌ക്കും , ചുക്ക് വില 250 രൂപയ്‌ക്കുമാണ്‌ ഓഫ്‌ സീസണിൽപോലും വിറ്റഴിക്കുന്നത്‌. Read on deshabhimani.com

Related News