സെക്രട്ടറിയെ ഒഴിവാക്കി കൗൺസിൽ ചേരാനുള്ള നീക്കം; എൽഡിഎഫ്‌ പ്രതിഷേധം



കട്ടപ്പന  നഗരസഭ യോഗത്തിൽനിന്ന്‌ സെക്രട്ടറിയെ ഒഴിവാക്കി കൗൺസിൽ യോഗം ചേരാനുള്ള നീക്കത്തിനെതിരെ എൽഡിഎഫ്‌ അംഗങ്ങൾ പ്രതിഷേധിച്ചു. ബുധനാഴ്‌ച നടന്ന കട്ടപ്പന നഗരസഭാ കൗൺസിലിൽ സെക്രട്ടറിയും ഭരണകക്ഷി അംഗങ്ങളും തമ്മിലുള്ള പോരിനെത്തുടർന്ന്‌ യോഗം അലങ്കോലപ്പെട്ടു. ഭരണസമിതിയുടെയും കൗൺസിൽ യോഗത്തിന്റെയും തീരുമാനങ്ങൾക്ക് വിരുദ്ധമായി സെക്രട്ടറി നിലപാടുകളെടുത്ത്‌ പ്രവർത്തിക്കുന്നുവെന്ന്‌ ആരോപിച്ചാണ് ഭരണപക്ഷത്തെ ഒരു വിഭാഗം കൗൺസിലർമാർ രംഗത്തെത്തിയത്‌. സെക്രട്ടറി മാപ്പ്‌ പറയണമെന്നും അല്ലെങ്കിൽ കൗൺസിൽ യോഗത്തിൽനിന്ന് പുറത്താക്കണമെന്നും ഒരു വിഭാഗം കൗൺസിലർമാർ നിലപാടെടുത്തു.        സെക്രട്ടറിയെ പുറത്താക്കിയശേഷം കൗൺസിൽ യോഗം ചേരണമെന്ന നിലപാടിനോട് യോജിപ്പിച്ചില്ലെന്ന് എൽഡിഎഫ് കൗൺസിലർമാർ വ്യക്തമാക്കി. സെക്രട്ടറി മാപ്പുപറയില്ലെന്ന നിലപാട് ചെയർപഴ്‌സനെ അറിയിച്ചതോടെ കൗൺസിൽ യോഗം നിർത്തിവയ്‌ക്കുകയാണെന്ന്‌ നഗരസഭാധ്യക്ഷ പ്രഖ്യാപിച്ചു. പകൽ 11ന്‌ ആരംഭിച്ച കൗൺസിൽ യോഗത്തിൽ 11 അജൻഡകളാണ് ഉൾപ്പെടുത്തിയത്‌. എന്നാൽ, ഒരെണ്ണംപോലും ചർച്ചയ്‌ക്കെടുക്കാൻ സാധിക്കാതെയാണ് യോഗം പിരിഞ്ഞത്.     സെക്രട്ടറി അധികാരത്തിൽനിന്ന്‌ പ്രവർത്തിക്കുമ്പോൾ സെക്രട്ടറിയുടെ അധികാരം കൗൺസിലിൽ ചർച്ചചെയ്യണമെന്ന്‌ പറയുന്നത്‌ അപഹാസ്യമാണെന്ന് എൽഡിഎഫ് പ്രതിനിധികൾ പറഞ്ഞു. യുഡിഎഫ്‌ നടത്തുന്ന നിയമവിരുദ്ധ നിയമനങ്ങൾ തടഞ്ഞ്‌ സെക്രട്ടറി നടപടിയെടുത്തതാണ്‌ ഭരണകക്ഷി അംഗങ്ങളെ ചൊടിപ്പിച്ചത്‌. കൗൺസിൽ യോഗം പിരിച്ചുവിട്ടതിനു പിന്നാലെ നഗരസഭയിലെ ഭരണസ്തംഭനത്തിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസ് പടിക്കൽ പ്രതിഷേധം നടത്തി. നേതാക്കളായ എം സി ബിജു, മനോജ്‌ എം തോമസ്‌, രാജൻക്കുട്ടി മുതുകുളം, എൽഡിഎഫ്‌ കൗൺസിലർമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News