തളിർക്കട്ടെ രണ്ടില...



 കരിമണ്ണൂർ പ്രായത്തിൽ കവിഞ്ഞ പക്വതയും നിഷ‌്കളങ്കമായ പെരുമാറ്റവുംകൊണ്ട‌് സമ്മതിദായകരുടെ മനസ്സിൽ സ്ഥാനമുറപ്പിക്കുകയാണ‌് ജില്ലാ പഞ്ചായത്ത‌് കരിമണ്ണൂർ ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി റീനു ജെഫിൻ. കരിമണ്ണൂർ ഡിവിഷനിൽ ചരിത്രവിജയത്തിനാണ്‌ ഇത്തവണ എൽഡിഎഫ‌് ജനവിധി തേടുന്നത്‌. ജില്ലയിലാകെ പട്ടയമേളകൾ നടന്നപ്പോൾ നിയമത്തിന്റെ നൂലാമാലയിൽപ്പെട്ട് പട്ടയം ലഭിക്കില്ലെന്ന്‌ കരുതിയ ഒരു ജനതയുടെ സ്വപ്‌നസാക്ഷാൽക്കാരമായിരിക്കും ഈ തെരഞ്ഞെടുപ്പിന്റെ വിധിയെഴുതുന്നത്‌. ഉടുമ്പന്നൂർ, കോടിക്കുളം പഞ്ചായത്തുകളിലെ ആദിവാസികളടക്കമുള്ള കുടിയേറ്റ കർഷകർക്ക‌് ഉപാധിരഹിത പട്ടയം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതോടെ കർഷകരും ആദിവാസി ജനവിഭാഗവും എൽഡിഫിന‌് നൽകുന്ന പിന്തുണ ആവേശകരമാണ‌്. മുൻ എംപി ജോയ‌്സ‌് ജോർജിന്റെ ശ്രമഫലമായി കരിമണ്ണൂർ ഡിവിഷനിൽ ലഭിച്ച വികസനവും ഭൂരഹിത﹣ -ഭവനരഹിതർക്ക‌് തലചായ‌്ക്കാൻ ഇടം ലഭിച്ചതും എൽഡിഎഫിന്റെ പ്രചാരണായുധമാകുന്നു.  കാർഷിക മേഖലയിൽ പുത്തനുണർവായി മാറിയ സുഭിക്ഷ കേരളം പദ്ധതിയിൽ തരിശായ നിലങ്ങളിൽ കതിരുവിളയിച്ചത‌് കർഷർക്ക‌് ഏറെ ആശ്വാസം പകരുന്നതാണ്‌. എൽഡിഎഫ‌് ഭരണത്തിലായിരുന്ന കരിമണ്ണൂർ, കോടിക്കുളം പഞ്ചായത്തുകളിൽ നടന്ന വികസന പ്രവർത്തനങ്ങളും കുടുംബശ്രീ സിഡിഎസ‌് നേതൃത്വത്തിൽ രൂപീകരിച്ച വിശപ്പുരഹിത കേരളം പദ്ധതിയിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലും തെരഞ്ഞെടുപ്പിൽ ഇടതുക്യാമ്പിന്‌ ആത്മവിശ്വാസമേകുന്നു.      അതേസമയം, ഭരണത്തിലിരുന്ന ഉടുമ്പന്നൂർ, കുമാരമംഗലം പഞ്ചായത്ത‌് ഭരണസമിതികളുടെ വികസനവിരുദ്ധ നിലപാടുകൾ‌ യുഡിഎഫിന‌് വിനയാകുന്നു. യുഡിഎഫ‌് കൈവശംവച്ചിട്ടുള്ള ഡിവിഷൻ തിരിച്ചുപിടിക്കാൻ എൽഡിഎഫ‌് സ്ഥാനാർഥിക്ക‌് എല്ലാവിഭാഗം ജനങ്ങളും പിന്തുണയുമായി എത്തുകയാണ‌്. സ്ഥാനാർഥി പര്യടനത്തിന്റെ ഭാഗമായി ഉപ്പുകുന്നിൽ ചേർന്ന യോഗം സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം സി വി വർഗീസ‌് ഉദ‌്ഘാടനം ചെയ‌്തു. ടി കെ നാരായണൻ അധ്യക്ഷനായി. കെ ഐ ആന്റണി, എൻ സദാനന്ദൻ, ജില്ലാ പഞ്ചായത്ത‌് സ്ഥാനാർഥി റീനു ജെഫിൻ, ഇളംദേശം ബ്ലോക്ക‌് പഞ്ചായത്ത‌് സ്ഥാനാർഥി നീതു ബാബുരാജ‌്, വാർഡ‌് സ്ഥാനാർഥി ടിജി അനന്ദൻ എന്നിവർ സംസാരിച്ചു.  Read on deshabhimani.com

Related News