ഇടുക്കിയുടെ 
മനസ്സറിഞ്ഞ ജനനേതാവ്‌

കുമളിയിൽ നടന്ന സിപിഐ എം ജില്ലാ സമ്മേളനത്തിൽ കോടിയേരി ബാലകൃഷ്ണൻ എത്തിയപ്പോൾ (ഫയൽ ചിത്രം)


ഇടുക്കി ഇടുക്കിയുടെ പ്രത്യേകിച്ച്‌ മലനാടിന്റെ പ്രശ്‌നങ്ങൾക്ക്‌ പരിഹാരം കാണാൻ സദാ ജാഗ്രതയും ശ്രദ്ധയും കാട്ടിയ ജനനേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. ജില്ലയുടെ സവിശേഷ പ്രശ്‌നങ്ങളിലെല്ലാം ഓടിയെത്തിയിരുന്ന നേതാവ്‌. ജില്ലയിൽ നടന്ന എണ്ണമറ്റ പ്രക്ഷോഭങ്ങളിലും ക്യാമ്പയിനിലും പതിവായി എത്തിയിരുന്നു. കുമളിയിൽ നടന്ന ജില്ലാ സമ്മേളനത്തിലാണ്‌ ഏറ്റവും അവസാനമായി എത്തിയത്‌. ധീരജിന്റെ മൃതദേഹം കണ്ണൂരിലെത്തിച്ചപ്പോൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ഇടുക്കിയുടെ സങ്കീർണമായ ഭൂപ്രശ്‌നങ്ങളിൽ ഇടപെട്ട്‌ പരിഹരിക്കാൻ ഏറെ ശ്രദ്ധയും ജാഗ്രതയും കാട്ടി. ഇടുക്കിയിൽ ഏത്‌, എന്ത്‌ പ്രശ്‌നമുണ്ടായാലും  നേതാക്കൾ വേഗം സമീപിച്ചിരുന്നതും കോടിയേരിയെയാണ്‌. അഭിമന്യു രക്തസാക്ഷിയായപ്പോൾ വട്ടവടയിലെത്തുകയും അതുമായി ബന്ധപ്പെട്ട വിവിധ ചടങ്ങുകളിലും പങ്കെടുക്കുകയും ചെയ്‌തു. തോട്ടം തൊഴിലാളി പ്രശ്‌നം പരിഹരിക്കാനും ചർച്ചചെയ്യാനും മൂന്നാർ, പീരുമേട്‌ മേഖലകളിൽ എത്തി. കൂടാതെ വിവിധ സമ്മേളനങ്ങൾ ഉദ്‌ഘാടനം ചെയ്യാൻ ജില്ലയുടെ വിവധ ഭാഗങ്ങളിലെത്തി. ടൂറിസം മന്ത്രിയായിരുന്നപ്പോൾ എണ്ണമറ്റ പദ്ധതികൾ ജില്ലയിൽ കൊണ്ടുവന്നു. അതിന്റെ ഉദ്‌ഘാടനങ്ങൾക്കും എത്തി. ജില്ലയുടെ സവിശേഷ പ്രശ്‌നങ്ങളായ പട്ടയം, മുല്ലപ്പെരിയാർ, അനധികൃത കൈയേറ്റങ്ങൾ, ചന്ദനംവെട്ട്‌, ആദിവാസികളുടെ ബുദ്ധിമുട്ടുകൾ എന്നിവ പഠിക്കാനും ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കൊണ്ടുവന്ന്‌ പരിഹരിക്കാൻ ഏറെ യത്നിച്ചു. സിപിഐ എം, എൽഡിഎഫ്‌ നേതൃത്വത്തിൽ കോടിയേരി ക്യാപ്‌ടനായ സംസ്ഥാന ജാഥാ പര്യടനവും  മാർച്ചും ജില്ലയിലും പലതവണ എത്തിയിട്ടുണ്ട്‌.  എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ആയിരങ്ങൾ പങ്കെടുത്ത സ്വീകരണമാണ്‌ നൽകിയത്‌. ജില്ലയോടും ജില്ലയുടെ പ്രശ്‌നങ്ങളോടും വൈകാരികമായ ബന്ധം പുലർത്തിയിരുന്ന ജനനേതാവിന്റെ വിയോഗം അക്ഷരാർഥത്തിൽ മലയോര ജില്ലയ്‌ക്കും വിവരണാതീതമായ നഷ്ടമാണ്‌ ഉണ്ടാക്കിയിട്ടുള്ളത്‌. Read on deshabhimani.com

Related News