ഓണക്കിറ്റ്‌: ഏലയ്‌ക്ക സംഭരണകേന്ദ്രങ്ങളിലേക്ക്‌

മന്ത്രിമാരായ ജി ആർ അനിലും റോഷി അഗസ്റ്റിനും ഏലയ്‌ക്ക വഹിച്ചുള്ള വാഹനങ്ങൾ ഫ്‌ളാഗ്ഓഫ് ചെയ്യുന്നു


നെടുങ്കണ്ടം ഓണക്കിറ്റിൽ നിറയ്‌ക്കാനുള്ള ഏലയ്‌ക്കയുമായി ജില്ലയിൽനിന്ന്‌ വിവിധ സംഭരണ കേന്ദ്രങ്ങളിലേക്ക്‌ പോകുന്ന വാഹനങ്ങൾ മന്ത്രിമാരായ ജി ആർ അനിലും റോഷി അഗസ്റ്റിനും ചേർന്ന്‌ ഫ്‌ളാഗ്ഓഫ്‌ ചെയ്‌തു. കർഷക നാണ്യവിളകൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു. ഓണക്കിറ്റിൽ ഏലയ്‌ക്ക ഉൾപ്പെടുത്തിയതുപോലെ പ്രാദേശികമായ തനത് ഉൽപ്പന്നങ്ങൾ ശേഖരിച്ച്‌ കിറ്റിൽ ഉൾപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു.  കേരളത്തിലെ 44 സംഭരണ കേന്ദ്രങ്ങളിൽ ഏലയ്ക്ക കൃത്യമായി എത്തിക്കാൻ പട്ടം കോളനി സഹകരണ ബാങ്ക് കാണിച്ച സന്നദ്ധതയെ മന്ത്രി റോഷി അഗസ്റ്റിൻ അഭിനന്ദിച്ചു.        പത്ത്‌ ജില്ലയിലെ ഓണക്കിറ്റിലേക്കുള്ള ഏലയ്‌ക്ക നൽകുന്നത് പട്ടം കോളനി സഹകരണ ബാങ്കാണ്. സംസ്ഥാനത്ത്‌ പട്ടം കോളനി ബാങ്കിനു പുറമെ കോഴിക്കോട്‌ ഉണ്ണിക്കുളം സഹകരണ ബാങ്കുമാണ്‌ ഏലയ്‌ക്ക സംഭരിച്ച്‌ സിവിൽ സപ്ലൈസ്‌ വകുപ്പിന്‌ കൈമാറുന്നത്‌. പ്രാദേശികമായി കർഷകരിൽനിന്ന്‌ സംഭരിക്കുന്ന 30,000 കിലോ ഏലയ്‌ക്കയാണ്‌ പട്ടം കോളനി സഹകരണ ബാങ്ക്‌ നൽകുന്നത്‌. ഓരോ കിറ്റിലും 20 ഗ്രാം വീതം ആകെ 15 ലക്ഷം വീടുകളിൽ ഇവിടെനിന്നുള്ള ഏലയ്‌ക്ക എത്തും. ചടങ്ങിൽ എം എം മണി എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്,  ത്രിതല പഞ്ചായത്ത് പ്രതിനിധികളായ കെ ടി കുഞ്ഞ്, വിൻസി വാവച്ചൻ, സജ്ന ബഷീർ, സതി അനിൽകുമാർ, പട്ടം കോളനി സഹകരണ ബാങ്ക് പ്രസിഡന്റ് ജി ഗോപകൃഷ്ണൻ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News