പകർച്ചപ്പനി കൂടുന്നു; 
ജാഗ്രത വേണം



ഇടുക്കി ജില്ലയിൽ പകർച്ചപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ജൂണിൽ 7932 പേർക്കാണ്‌ ജില്ലയിൽ പനി ബാധിച്ചത്‌.   ദിവസങ്ങൾ നീളുന്ന പനി ഏറെ ശ്രദ്ധിക്കണം. പലതും പകർച്ചപ്പനിയാകാം. കോവിഡ് -19, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, ചിക്കുൻഗുനിയ, ചെള്ളുപനി, എച്ച്-1 എൻ1-  ചിക്കൻപോക്‌സ്, സിക്ക, കുരങ്ങ്പനി, ജപ്പാൻ ജ്വരം, വെസ്റ്റ് നൈൽ വൈറസ് എന്നീ അസുഖങ്ങളുടെ ലക്ഷണമായി പനി വന്നേക്കാം, ഡെങ്കിപ്പനിയും എലിപ്പനിയും ഏറെ ശ്രദ്ധിക്കണം. അതിനാൽ പനിയുള്ളവർ എത്രയും വേഗം ചികിത്സ തേടണം.  മഴക്കാലമായതിനാൽ സാധാരണ വൈറൽ പനിയാണ് കൂടുതലും  വരുന്നത്.  മരുന്നുകൾ ഡോക്ടറുടെ നിർദേശപ്രകാരമേ കഴിക്കാവൂ.  തക്കാളിപ്പനി സ്‌കൂളുകളും അങ്കണവാടികളും സജീവമായതോടെയാണ് വീണ്ടും തക്കാളിപ്പനി വ്യാപിച്ചത്. പനി, ക്ഷീണം, സന്ധിവേദന,  കൈവെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാൽ മുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളുമാണ് പ്രധാന രോഗ ലക്ഷണങ്ങൾ. വയറുവേദന, ഓക്കാനം, ഛർദി, വയറിളക്കം എന്നിവയും ഉണ്ടാകാം.  ശക്തമായ തുടർച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത  കൈകാലുകളിൽ രക്ത ചംക്രമണത്തിന് തടസം എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം. കുട്ടികൾ അടുത്തിടപഴകാൻ സാധ്യതയുള്ള സാഹചര്യങ്ങളിൽ രോഗം വളരെവേഗം പകരുന്നതും കുട്ടികൾക്ക് ഒരുമിച്ച് രോഗം വരുന്നതും സാധാരണമാണ്. പനിയോ  മറ്റു ലക്ഷണങ്ങളോ ഉള്ള കുട്ടികളെ  സ്‌കൂളിൽ അയയ്‌ക്കരുത്‌. രോഗികളായ കുഞ്ഞുങ്ങളുടെ ശരീരം വൃത്തിയായി  സൂക്ഷിക്കണം. കുളിപ്പിക്കുമ്പോൾ  കുമിളകൾ പൊട്ടിക്കരുത്.  വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാൻ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണം കൊടുക്കുക.  ധാരാളം വെള്ളം കുടിക്കണം.  ദേഹത്തെ കുരുക്കൾ  ചൊറിഞ്ഞ്‌ പൊട്ടാതിരിക്കാൻ ശ്രദ്ധിക്കണം.   Read on deshabhimani.com

Related News