വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍



കട്ടപ്പന യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും ഉൾപ്പെടെ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ യുവതിയെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു. കോവിൽമല മുരിക്കാട്ടുകൂടി മറ്റത്തിൽ മനോജിന്റെ ഭാര്യ സിന്ധു(43) വാണ് പിടിയിലായത്. കുവൈറ്റിൽ ഹോം നഴ്‌സ് ജോലി വാഗ്‌ധാനം ചെയ്ത് കോഴിമല സ്വദേശിനി ഷൈനിയുടെ പക്കൽ നിന്ന് കഴിഞ്ഞ മാർച്ചിൽ ഒന്നരലക്ഷം രൂപ സിന്ധു വാങ്ങിയിരുന്നു. ആദ്യം 1.05 ലക്ഷവും തുടർന്ന് 45,000 രൂപയും കൈപ്പറ്റി. പണം നൽകി ഒരുമാസത്തിനുള്ളിൽ പോകാമെന്നായിരുന്നു വാഗ്‌ധാനം. കാലയളവ് അവസാനിച്ചതോടെ പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിക്കാതെ വന്നതോടെ ഷൈനി പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് ഷൈനിയുടെ ബന്ധുവായ യുവാവിന്റെ പക്കൽ നിന്നും പ്രതി പണം തട്ടിയതായി മറ്റൊരു പരാതി ലഭിച്ചിട്ടുണ്ട്. കൂടാതെ യൂറോപ്യൻ, ഗൾഫ് രാജ്യങ്ങൾ, ഇസ്രയേൽ, റഷ്യ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് കോഴിക്കോട്, എറണാകുളം, കണ്ണൂർ, വയനാട്, കാഞ്ഞിരപ്പള്ളി സ്വദേശികളുടെ പണം കബളിപ്പിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ഡൽഹിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിയപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. സിന്ധുവിനെ കട്ടപ്പന കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടയച്ചു. Read on deshabhimani.com

Related News