പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകൾ പൂട്ടി സീൽ ചെയ്തു

നിരോധനത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ടിന്റെ തൊടുപുഴ കുമ്പങ്കല്ലിലെ ഓഫീസിൽ എൻഐഎ യുടെ നോട്ടീസ് പതിക്കുന്നു


  നെടുങ്കണ്ടം/ തൊടുപുഴ കേന്ദ്രസർക്കാർ നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യയുടെ തൊടുപുഴയ്ക്കടുത്തുള്ള ജില്ലാ കമ്മിറ്റി ഓഫീസും നെടുങ്കണ്ടം തൂക്കുപാലത്തെ ഏരിയ കമ്മിറ്റി ഓഫീസും നോട്ടീസ് പതിപ്പിച്ച് സീൽ ചെയ്തു.
    വെള്ളി വൈകിട്ട് അഞ്ചരയോടെ തൊടുപുഴയ്ക്കടുത്ത് കുമ്മങ്കല്ലിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓഫീസ് എൻഐഎ ഉദ്യോഗസ്ഥൻ എം എസ് ജയന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത് നോട്ടീസ് പതിച്ചത്. നോട്ടീസിന്റെ പകർപ്പ് കെട്ടിട ഉടമയ്ക്കും കൈമാറി.   തുടർന്ന് രാത്രി എട്ടരയോടെ ജില്ലാ കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഓഫീസ് പൊലീസും റവന്യൂ അധികൃതരും ചേർന്ന് സീൽ ചെയ്തു. കേസ് തീരും വരെ ഓഫീസ് പ്രവർത്തിച്ചിരുന്ന മുറി ഉപയോഗിക്കാനോ വിൽക്കാനോ വാടകയ്ക്ക് നൽകാനോ പാടില്ലെന്നാണ് ഉത്തരവിലുള്ളത്. 
    22ന് പുലർച്ചെ രാജ്യവ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിൽ തൊടുപുഴ ജില്ലാ കമ്മിറ്റി ഓഫീസുമുൾപ്പെട്ടിരുന്നു. തൂക്കുപാലത്ത് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നെടുങ്കണ്ടം സിഐ ബി എസ്ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിനുള്ളിൽ രാത്രി വൈകിയും പരിശോധന തുടരുകയാണ്. ഓഫിസിന്റെ താഴുതകർത്ത് അകത്ത് കടന്ന പൊലീസ് സംഘം ഒരു മുറിയുടെ പരിശോധനകൾ പൂർത്തിയാക്കിയാണ് സീൽ ചെയ്തത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന യഹിയകോയ തങ്ങളുടെ പേരിലുള്ളതാണ് ഓഫീസിരിക്കുന്ന സ്ഥലം. 
    17 സെന്റ് സ്ഥലം 2016 ലാണ് വാങ്ങിയത്. 35 ചതുരശ്ര മീറ്റർ വീടിനുള്ള പെർമിറ്റിലാണ് ഓഫീസ് കെട്ടിടവും ഓഡിറ്റോറിയവും പണിതിരിക്കുന്നത്. പരിശോധന സംബന്ധിച്ച റിപ്പോർട്ട് സംഘം ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. വിവരങ്ങൾ എൻഐഎ സംഘത്തെയും അറിയിച്ചു. പോപ്പുലർ ഫ്രണ്ടിന് തൊടുപുഴയിലും തൂക്കുപാലത്തും മാത്രമാണ് ജില്ലയിൽ ഓഫീസുകളുള്ളത്. തൂക്കുപ്പാലത്തെ  പോപ്പുലർഫ്രണ്ട്‌ –- എസ്ഡിപിഐ ഓഫീസിൽ റയിഡ് നടത്തി നാല്‌മുറികൾ അടങ്ങുന്ന കെട്ടിടമാണ് അടച്ചുപൂട്ടിയത്. ഈ മുറികൾ പരിശോധിച്ചപ്പോൾ ഇവിടെ നിരവധി ആളുകൾ താവളമടിച്ചാതായുള്ള തരത്തിൽ പായും തലയണയും ഉൾപ്പെടെയുള്ളവ കണ്ടെത്തി. 
   ബാബറി മസ്ജിദ് ഒരുനാൾ പുനർനിർമിക്കുക തന്നെ ചെയ്യും എന്ന തരത്തിലുള്ള ആശയങ്ങൾ നിറഞ്ഞ ഫോട്ടോകളും കണ്ടെടുത്തു. ആറു മുറികളിലും തെരച്ചിൽനടത്തി അടച്ചുപൂട്ടാനാണ് ഉത്തരവ് ലഭിച്ചത്. നെടുങ്കണ്ടം എസ്എച്ച് ഒബി എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തി ഓഫീസ് അടച്ചുപൂട്ടിയത്. Read on deshabhimani.com

Related News