ഇടുക്കി മെഡിക്കൽ കോളേജ്‌ അംഗീകാരത്തിനരികെ: ജില്ലാ വികസന കമീഷണർ



    ഇടുക്കി ഇടുക്കി മെഡിക്കൽ കോളേജിന്‌ അംഗീകാരം ലഭിക്കാൻ എല്ലാ സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന്‌ ജില്ലാ വികസന കമ്മീഷണർ അർജുൻ പാണ്ഡ്യൻ പറഞ്ഞു. അംഗീകാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് ജൂലൈയിൽ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മെഡിക്കൽ കോളേജിന്റെ നിർമ്മാണപ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിലാണ്‌ അദ്ദേഹം ഇക്കാര്യം വിലയിരുത്തിയത്‌.    വിദ്യാർഥികൾക്കുള്ള പഠനമുറികളും ഹോസ്‌റ്റലും പൂർത്തിയായി. അക്കാദമിക് ബ്ലോക്ക്, രണ്ടു ഹോസ്പിറ്റൽ ബ്ലോക്ക്, ലാബുകൾ, വിവിധ വകുപ്പുകൾ, മ്യൂസിയം,  ലിഫ്റ്റ്, ജീവനക്കാരുടെ ലഭ്യത എന്നിവയും മൊത്തത്തിലുള്ള പ്രവർത്തന പുരോഗതിയും വിലയിരുത്തി. മെഡിക്കൽ കോളേജിന്റെ നിർമ്മാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ കിറ്റ്കോ പ്രതിനിധികളോട് അർജ്ജുൻ പാണ്ഡ്യൻ നിർദ്ദേശിച്ചു.      മന്ത്രിയുടെ നേതൃത്വത്തിൽ മുൻപ്‌ കലക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ച കാര്യങ്ങളുടെ പുരോഗതിയും ചർച്ച ചെയ്തു. ജൂലൈ 31 നകം അത്യാഹിത വിഭാഗമടക്കമുള്ള വകുപ്പുകൾക്ക് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കാൻ സാധിക്കുമെന്ന് നിർമാണ ഏജൻസികൾ അറിയിച്ചു. പുതുതായി ലഭിച്ച  50 ഏക്കർ സ്ഥലത്തിന്റെ സ്‌കെച്ചും പ്ലാനും പൂർത്തിയായ സാഹചര്യത്തിൽ വിശദമായ റിപ്പോർട്ട് ഉടൻ കലക്ടർക്ക് കൈമാറാൻ ഇടുക്കി തഹസീൽദാരോട് നിർദ്ദേശിച്ചു.  മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി ഷീല, ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, തഹസിൽദാർ (ഭൂരേഖ ) മിനി കെ ജോൺ, വിവിധ വകുപ്പ് മേധാവികൾ, കിറ്റ്കോ, കെഎസ്ഇബി, നിർമിതികേന്ദ്ര പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.     Read on deshabhimani.com

Related News