‘1982 അന്‍പരശന്‍ കാതല്‍' ഹിറ്റ്

1982 സിനിമയുടെ പോസ്‌റ്ററുകൾ


രാജാക്കാട് മലയാളി പെൺകുട്ടിയുടെയും തമിഴ് യുവാവിന്റെയും പ്രണയകഥ പറയുന്ന സിനിമ '1982 അൻപരശൻ കാതൽ' തിയറ്ററുകളിൽ പ്രദർശന വിജയം നേടുമ്പോൾ, അണിയറ പ്രവർത്തകരായ ഇടുക്കിയിലെ കലാകാരൻമാർക്കിത് അഭിമാന നിമിഷങ്ങളാണ്. തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങിയ ചിത്രത്തിന്റെ രചനയും സംവിധാനവും ഉല്ലാസ് ശങ്കറാണ്. ദേവകന്യ പ്രൊഡക്ഷൻസ്, എയ്ഞ്ചൽ ഇഷ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ബിജു കരിമ്പിൻകാലായിൽ, ഷൈൻ ഏലിയാസ് എന്നിവരാണ് നിർമാണം. ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ഭൂരിഭാഗം പേരും ജില്ലയിൽ നിന്നുള്ളവരാണ്. മൂന്നുവർഷം സഹപാഠിയായിരുന്ന മലയാളി പെൺകുട്ടിയോട് ഇഷ്ടം തുറന്നുപറയാൻ കഴിയാതെ പോയ തമിഴ് യുവാവ്, സുഹൃത്തുക്കളുടെ വെല്ലുവിളി ഏറ്റെടുത്ത് പെൺകുട്ടിയെ കാണാൻ അതിർത്തി കടന്ന് കേരളത്തിലെത്തുന്നതും തുടർന്ന് ഇവർക്ക് നേരിടേണ്ടിവരുന്ന വെല്ലുവിളികളുമാണ് ചിത്രത്തിൽ പറയുന്നത്. നായകനായ അൻപരശായി ആഷിക് മെർലിനും മലയാളി പെൺകുട്ടിയായി ചന്ദന അരവിന്ദും അഭിനയിച്ചിരിക്കുന്നു. അമൽ രവിന്ദ്രൻ, അരുണിമ രാജ്, ഉല്ലാസ് ശങ്കർ, സെൽവ, ഹരിഷ് ശിവ പ്രകാശം എന്നിവരാണ് മറ്റ് അഭിനേതാക്കൾ. തേനി, ബോഡി, കമ്പം, ബോഡിമെട്ട്, മൂന്നാർ, രാജാക്കാട് എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമയുടെ ഛായാഗ്രഹണം ജിസ്ബിൻ സെബാസ്റ്റ്യനും ചിത്രസംയോജനം ഗ്രെയ്‌സൺ എസിഎയുമാണ്. പശ്ചാത്തല സംഗീതം: അനുമോദ് ശിവറാം, ബെന്നി ജോസഫ്. ചിന്താമണിയുടെ 
ഗാനങ്ങൾ ഹിറ്റ് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ രാജാക്കാട് പണിക്കരുകുടിയിൽ ഷൈൻ ഏലിയാസിന്റെ ഭാര്യ ജിൻസി മണിയാട്ട് എന്ന എസ് ചിന്താമണി സംഗീതം നൽകിയ നാല് ഗാനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സുഹൃത്തുക്കളുടെയും അണിയറ പ്രവർത്തകരുടെയും താൽപ്പര്യപ്രകാരമാണ് എസ് ചിന്താമണി എന്ന പേര് സ്വീകരിച്ചത്. വൈഗൈമണിയും ചിന്താമണിയും ചേർന്നാണ് ഗാനരചന. കെ എസ് ചിത്ര, ഹരിചരൻ, രഞ്ജിത് ഗോവിന്ദ്, ബിജോയി പി ജേക്കബ് എന്നിവർ ഗാനങ്ങൾ ആലപിച്ചിരിക്കുന്നു. പോണ്ടിച്ചേരിയിലെ ആശുപത്രിയിൽ നഴ്‌സായ ജിൻസി സ്‌കൂൾ കാലഘട്ടം മുതൽ ഗാനങ്ങൾ എഴുതിത്തുടങ്ങിയിരുന്നു. നിരവധി സംഗീത ആൽബങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. നഴ്‌സിങ് പഠനത്തിനുശേഷം എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സുഹൃത്തുക്കൾ വഴിയാണ് സിനിമയിൽ അവസരം ലഭിച്ചത്. ജോലി ചെയ്യുന്ന ആശുപത്രിയിലെ ജീവനക്കാർ, ചികിത്സയ്ക്ക് എത്തുന്ന രോഗികൾ, ഇവരുടെ കൂട്ടിരിപ്പുകാർ എന്നിവരുമായുള്ള ഇടപെടലുകൾ തമിഴ് പശ്ചാത്തലത്തിലുള്ള പുതിയ ചിത്രത്തിനായി ഗാനങ്ങൾ എഴുതാൻ സഹായിച്ചു. ഉടൻ റിലീസ് ചെയ്യുന്ന മറ്റൊരു മലയാള ചിത്രത്തിനും 50ൽപ്പരം ആൽബങ്ങൾക്കും ഗാനങ്ങൾ എഴുതി സംഗീതം നൽകിയിട്ടുണ്ട്.         Read on deshabhimani.com

Related News