ഒഴിഞ്ഞുകിടക്കുന്ന പൊതു ഇടങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്‌



കൊച്ചി സംസ്ഥാനത്ത്‌ ഒഴിഞ്ഞുകിടക്കുന്ന പൊതു ഇടങ്ങൾ ടൂറിസം കേന്ദ്രങ്ങളാക്കിമാറ്റുമെന്ന്‌ ടൂറിസംമന്ത്രി പി എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. ഇതിന്റെ രൂപരേഖ തയ്യാറാക്കി. മേൽപ്പാലങ്ങളുടെ താഴെയുള്ള സ്ഥലങ്ങൾ, ഭക്ഷണത്തെരുവ്‌, കുട്ടികളുടെ പാർക്ക്‌ എന്നിവ ക്രിയാത്മകമായി വിനിയോഗിക്കും. ടൂറിസം സാധ്യതകളെ എല്ലാനിലയിലും പ്രയോജനപ്പെടുത്തുമെന്നും ചെറുകിട ക്വാറി ആൻഡ് ക്രഷർ അസോസിയേഷൻ സംസ്ഥാന സമ്മേളനം എറണാകുളത്ത്‌ ഉദ്ഘാടനം ചെയ്ത്‌ മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് വികസനവും പരിസ്ഥിതിയും യോജിച്ചുപോകണം. ഇരുവിഷയങ്ങളിലും സർക്കാരിന് തീവ്രനിലപാടുകളില്ല. ഓരോ മേഖലയ്‌ക്കും അനുയോജ്യമായ നിർമാണം നടത്തുകയാണ് ലക്ഷ്യം. പ്രകൃതിവിഭവങ്ങളുടെ നീതിയുക്തമായ ഉപഭോഗം ഉറപ്പാക്കും. പാരിസ്ഥിതിക സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തെ ഡിസൈൻ ഹബ്ബാക്കും. ക്വാറി മേഖലയിലെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. തീരമേഖലയിലെ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം കെ ബാബു അധ്യക്ഷനായി. കർണാടക ക്വാറി, ക്രഷർ കോ–-ഓർഡിനേഷൻ പ്രസിഡന്റ്‌ രവീന്ദ്ര ഷെട്ടി, സിഐടിയു ജില്ലാ സെക്രട്ടറി പി ആർ മുരളീധരൻ, ജയൻ ചേർത്തല, എം റഹ്മത്തുള്ള, ധനീഷ് നീറിക്കോട്, രാമു പടിക്കൽ, വി പൗലോസ് കുട്ടി, എ ബീരാൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News