ബാല്യസ്‌മൃതികളുമായി ജൂതസംഘമെത്തി



പറവൂർ ബാല്യകാലസ്മരണകൾ അയവിറക്കി ജൂതപ്പള്ളികൾ സന്ദർശിച്ച്‌ ഇസ്രയേൽസംഘം. ഇസ്രയേലിൽനിന്നുള്ള 35 ജൂതന്മാരാണ്‌ മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായ പറവൂർ, ചേന്ദമംഗലം, മാള ജൂതപ്പള്ളികൾ സന്ദർശിച്ചത്‌. 1950കളിൽ ഇസ്രയേലിലേക്കു മടങ്ങിയ ജൂതന്മാരുടെ പിന്മുറക്കാരാണിവർ. പറവൂർ, എറണാകുളം, ആലുവ, കൊച്ചി എന്നിവിടങ്ങളിലെ താമസക്കാരായിരുന്നു പൂർവികർ. ബാല്യ, ശൈശവ കാലങ്ങൾ ഇവിടെ കഴിഞ്ഞ്‌ ഇസ്രയേലിലേക്ക് മടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ആ സ്‌മൃതികളുമായി ആദ്യമായാണ് ഇവർ പറവൂർ, ചേന്ദമംഗലം, മാള പ്രദേശത്ത്‌ തിരികെയെത്തിയത്. സംഘത്തിലെ ഭൂരിഭാഗംപേരും മലയാളം സംസാരിക്കുന്നവരായിരുന്നു. ഇസ്രയേലിലെ വീട്ടിൽ ഇപ്പോഴും മലയാളം സംസാരിക്കുന്നുണ്ടെന്ന്‌ സംഘാംഗം മോസേ റെഗെവ് പറഞ്ഞു. മുസിരിസ് പൈതൃക പദ്ധതി മ്യൂസിയം മാനേജർ കെ ബി നിമ്മി, ജൂനിയർ എക്സിക്യൂട്ടീവ് അഖിൽ എസ് ഭദ്രൻ എന്നിവർ ചേർന്ന്‌ സംഘത്തെ സ്വീകരിച്ചു. Read on deshabhimani.com

Related News