നഗരത്തിൽ വ്യാപക മിന്നൽപ്പരിശോധന



കൊച്ചി ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും തടയാൻ നഗരത്തിൽ മിന്നൽപ്പരിശോധന കർശനമാക്കി സിറ്റി പൊലീസ്‌. തിങ്കൾമുതലാണ്‌ നഗരത്തിൽ വാഹനപരിശോധനയും രാത്രിയിലെ പൊലീസ്‌ പട്രോളിങും ശക്തമാക്കിയത്‌. കലൂർ, പാലാരിവട്ടം, സ്‌റ്റേഡിയം, സൗത്ത്‌, നോർത്ത്‌ റെയിൽവേ സ്‌റ്റേഷൻ, കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡ്‌, വൈറ്റില ജങ്‌ഷൻ തുടങ്ങിയ പ്രധാന സ്ഥലങ്ങൾ കേന്ദ്രീകരിച്ച്‌ രാത്രിപരിശോധന കൂടുതൽ ശക്തമാക്കി. ലഭ്യമാകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ലഹരി ഉപയോഗ, വിൽപ്പനകേന്ദ്രങ്ങളിൽ മിന്നൽപ്പരിശോധന നടത്തി പ്രതികളെ പിടികൂടുകയാണ്‌ ലക്ഷ്യം. ഇതിനകം 42 കേസെടുത്തതായി കൊച്ചി സെൻട്രൽ എസിപി സി ജയകുമാർ പറഞ്ഞു. മറൈൻഡ്രൈവ്‌, സൗത്ത്‌ ഭാഗങ്ങളിൽ ലഹരിമരുന്ന്‌ കേസുമായി ബന്ധപ്പെട്ട്‌ 10 പേർ അറസ്‌റ്റിലായി. കഞ്ചാവ്‌ കച്ചവടം നടത്തിയ അഞ്ചുപേരും ഹാഷിഷ്‌ ഓയിൽ കൈവശംവച്ച ഒരാളും കഞ്ചാവ്‌ ഉപയോഗിച്ച രണ്ടുപേരും പിടിയിലായി. 2.74 ഗ്രാം എംഡിഎംഎയുമായി സൗത്തിൽ രണ്ടുപേരും അറസ്‌റ്റിലായി. മറൈൻഡ്രൈവ് വാക്‌വേയിൽ ഷാഡോ പൊലീസ്‌ 41 പേരിൽനിന്ന്‌ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. വ്യാഴാഴ്‌ച എറണാകുളം നോർത്ത്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌ സാമൂഹ്യവിരുദ്ധർ കേന്ദ്രീകരിക്കുന്ന കാടുപിടിച്ച സ്ഥലങ്ങൾ സിറ്റി പൊലീസ്‌ വൃത്തിയാക്കി. കെഎസ്‌ആർടിസി ബസ്‌ സ്‌റ്റാൻഡിനുസമീപത്തെ അംബേദ്‌കർ സ്‌റ്റേഡിയംവളപ്പിലെ കാട്‌ എറണാകുളം സെൻട്രൽ പൊലീസ്‌ നേതൃത്വത്തിൽ വെട്ടിത്തെളിച്ചിരുന്നു. വ്യാഴാഴ്‌ച നോർത്ത് റെയിൽവേ മേൽപ്പാലംമുതൽ റെയിൽവേ സ്‌റ്റേഷൻ പരിസരംവരെ ലോഡ്ജുകൾ പരിശോധിച്ചു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ഒരാൾക്കെതിരെ കേസ് എടുത്തു. ചില ഡ്രൈവർമാർ ന്യൂജൻ മയക്കുമരുന്നുകൾ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വരുംദിവസങ്ങളിൽ കൂടുതൽ പരിശോധനയുണ്ടാകും. Read on deshabhimani.com

Related News