മധുരം വരുമോ ഇവരുടെ ജീവിതത്തിലും



കളമശേരി  കൊറോണഭീതി സമ്മാനിച്ച ദുരിതത്തെ ആപ്പിൾ വിൽപ്പനയിലൂടെ മെരുക്കുകയാണ് കളമശേരിയിലെ മൂന്നു കൂട്ടുകാർ. ആളൊഴിഞ്ഞ നിരത്തും അടച്ചുപൂട്ടിയ ഹോട്ടലും നിരാശ പകർന്നപ്പോൾ,  ഓട്ടോറിക്ഷ ഡ്രൈവർമാരായിരുന്ന നീറുങ്കൽ അനസ്, എൻ എ നിസാമുദീൻ, ഹോട്ടൽ തൊഴിലാളി കെ എസ് ശിഹാബുദീൻ എന്നിവർ ചേർന്ന്‌ പെട്ടിവണ്ടി ദിവസവാടകയ്‌ക്കെടുത്ത് ആപ്പിൾകച്ചവടത്തിനിറങ്ങി. നഷ്ടപ്പെട്ട ജീവിതമധുരം ഇതിലൂടെ തിരിച്ചുപിടിക്കാമെന്നാണ്‌ മൂവരുടെയും പ്രതീക്ഷ. ലോക്ക്ഡൗൺ നീണ്ടതോടെ മൂന്നു കുടുംബങ്ങളെയും പട്ടിണി വട്ടമിട്ടിരുന്നു. കളമശേരിയിൽ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു അനസും നിസാമുദീനും. ലോക്ക്ഡൗണിന്‌ അയവുവന്നെങ്കിലും യാത്രക്കാർ കുറവ്. വൈകിട്ടുവരെ കാത്തിരുന്നാൽ കിട്ടുന്നത് 300 രൂപയിൽ താഴെ. വണ്ടിയുടെ അടവ്, ബാറ്ററി, ടയർ എന്നിവയുടെ ഇൻസ്റ്റാൾമെന്റ്‌, ഡീസൽ ചെലവ്, അറ്റകുറ്റപ്പണികൾ എന്നിവയാകുമ്പോൾ വീട്ടിലേക്ക് കൊണ്ടുപോകാൻ ഒന്നുമില്ലാത്ത അവസ്ഥ. വരുമാനമില്ലെങ്കിലും ചെലവിന് ഒരു കുറവുമില്ല. കുട്ടികളുടെ ഫീസടയ്‌ക്കാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതോടെ ഉറക്കം നഷ്‌ടമായി. കുതിച്ചുയരുന്ന ഡീസൽവിലകൂടിയായപ്പോൾ നിൽക്കക്കള്ളിയില്ലാതായി. രണ്ടുപേരും ഓട്ടോറിക്ഷകൾ സൈഡാക്കി. ഒമ്പതുമാസം മുമ്പ് ഗൾഫിൽനിന്ന് അവധിക്ക്‌ വന്നതാണ് ശിഹാബുദീൻ. തുടർന്ന് ഹോട്ടൽജോലിക്ക് കയറി. കുഴപ്പമില്ലാതെ ജീവിതം മുന്നോട്ടുപോകുമ്പോഴാണ് ലോക്ക്‌ഡൗൺ ചതിച്ചത്‌. ജോലി നഷ്‌ടപ്പെട്ട്‌ കുറെ ദിവസം വീട്ടിൽ വെറുതെയിരുന്നു.  ഭാര്യയുടെ രണ്ടാമത്തെ പ്രസവം അടുത്തുവരികയാണ്. പണത്തിന് ആവശ്യമുള്ള സമയം. പ്രതിസന്ധികളെ പൊരുതിത്തോൽപ്പിക്കാൻ മൂവരുംകൂടി ഒടുവിൽ ആപ്പിൾകച്ചവടത്തിലേക്ക് തിരിഞ്ഞു.  രാവിലെ ഏഴിന്‌ നോർത്ത് കളമശേരിയിൽ കച്ചവടം തുടങ്ങും. തുടർന്ന് മഞ്ഞുമ്മൽ, വരാപ്പുഴ, ചേരാനല്ലൂർ തുടങ്ങി ഓരോ ദിവസം വ്യത്യസ്‌ത റൂട്ടുകളിലേക്ക്. രണ്ടുമാസത്തോളമായി കച്ചവടം തുടങ്ങിയിട്ട്. ഡീസൽ ചെലവ്, പെട്ടിവണ്ടി വാടക, മൂന്നുപേരുടെ ഭക്ഷണച്ചെലവ് എന്നിവ കിഴിച്ച് കുടുംബത്തിൽ അടുപ്പുപുകയ്‌ക്കാനുള്ളത്‌ കിട്ടും. ആലുവയിലെയും  കുണ്ടന്നൂരിലെയും മാർക്കറ്റുകളിൽനിന്നാണ് ആപ്പിൾ എടുക്കുന്നത്. പേരയ്‌ക്ക, പപ്പായ തുടങ്ങിയ മറ്റു പഴങ്ങളും എടുക്കും.  രാത്രി പത്തോടെ കച്ചവടം നിർത്തി വീട്ടിലെത്തും. മഴക്കാലത്ത് കച്ചവടം കുറയുന്നതും പഴങ്ങൾ കേടാകുന്നതും ഭീഷണിയാണെങ്കിലും പുതിയ സംരംഭത്തിൽ മൂവരും സന്തുഷ്ടരാണ്. Read on deshabhimani.com

Related News