ഗാന്ധിനഗറിന്റെ ഹൃദയം 
തൊട്ടറിഞ്ഞ് ഇടതുസാരഥി

63–ാം വാർഡ് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ബിന്ദു ശിവൻ പൊതുപര്യടനത്തിനിടെ ഗാന്ധിനഗർ സോളിഡാരിറ്റി ലെയ്നിലെ സ്വീകരണത്തിൽ ഭർത്താവ് കെ കെ ശിവനെയോർത്ത് വികാരാധീനയായപ്പോൾ


വൈറ്റില ഈറനണിഞ്ഞ കണ്ണുകളും ഇടറിയ വാക്കുകളുമായി നഗരസഭ 63–-ാംഡിവിഷനിലെ എൽഡിഎഫ്‌ സാരഥിയുടെ പൊതുപര്യടനം സാക്ഷ്യംവഹിച്ചത്‌ വൈകാരികമുഹൂർത്തങ്ങൾക്ക്‌. സ്വീകരണകേന്ദ്രങ്ങളിൽ അമ്മമാരും കുഞ്ഞുങ്ങളും ഉൾപ്പെടെ സ്ഥാനാർഥി ബിന്ദു ശിവനെ കാണാൻ കാത്തുനിന്നു. തുറന്നജീപ്പിൽ എത്തിയ സ്ഥാനാർഥിയെ പൂക്കളും നിറപുഞ്ചിരിയുമായി വരവേറ്റു. നാടിന്റെ കരുതൽ ഏറ്റുവാങ്ങിയ ഇടതുസാരഥി നിറമിഴികളോടെയാണ്‌ സ്വീകരണത്തിന്‌ നന്ദി പറഞ്ഞത്‌. പ്രവർത്തകരുടെ അകമ്പടിയോടെ ഞായർ രാവിലെ എട്ടിന്‌ പി ആൻഡ്‌ ടി പാലത്തിൽനിന്ന്‌ ആരംഭിച്ച പര്യടനത്തിൽ, കാൽനടയായി നൂറുകണക്കിന്‌ സ്ത്രീകളും ഒപ്പംചേർന്നു. മണികണ്ഠൻതുരുത്ത്‌, ഇന്ദിരാഗാന്ധി ആശുപത്രിക്കുസമീപം, ഈരത്തറ ലെയ്‌ൻ, എം ആർ രാജന്റെ വസതിക്കുസമീപം, ചെമ്മാത്ത്‌, നാസർ സ്റ്റോഴ്സിനുമുൻവശം തുടങ്ങിയ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങിയ പര്യടനം, പത്തരയോടെ വിശ്വഭാരതിയിൽ എത്തി. വൈകിട്ട്‌ നാലിന്‌ സോളിഡാരിറ്റി ലെയ്‌നിൽനിന്ന്‌ ആരംഭിച്ച്‌ സപ്ലൈകോ കവല, കരിത്തല കോളനി, ഉദയ കോളനി, കമ്മട്ടിപ്പാടം കനാൽ കവല, സിബിഐ റോഡ്‌ കവല, എ പി വർക്കി നഗർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി രാത്രി ഏഴോടെ ഹോമിയോ ആശുപത്രിക്കുസമീപം സമാപിച്ചു. കെ കെ ശിവൻ തുടങ്ങിവച്ച വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ബിന്ദു ശിവന് വോട്ട്‌ ചെയ്യണമെന്ന അഭ്യർഥനയുമായി പ്രചാരണവാഹനം കടന്നുപോകുംവഴിയെല്ലാം സ്ഥാനാർഥിയെ കാണാൻ ആളുകൾ ഒത്തുകൂടി. പൊതുപര്യടനം പി ആൻഡ്‌ ടി പാലത്തിനുസമീപം കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ ഉദ്‌ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി സി മണി അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി കെ പരീത്‌, ടി വി അനിത, കെ എസ്‌ അരുൺകുമാർ, വി എം ശശി, പി എൻ സീനുലാൽ, ഡിവിഷൻ സെക്രട്ടറി എൻ വി മഹേഷ്‌, സജിനി തമ്പി, കെ വി മനോജ്‌ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News