കൊയ്‌ത്തുപാട്ടിന്‌ താളമിട്ട്‌ കടമക്കുടി ; കടമക്കുടി വില്ലേജ് ഫെസ്റ്റിന് തുടക്കം



കൊച്ചി കൊയ്‌ത്തുപാട്ടിന്റെ അകമ്പടിയോടെ വിദ്യാർഥികൾ അരിവാളുകളും കൈയിലേന്തി പൊക്കാളിപ്പാടത്ത്‌ ഇറങ്ങിയതോടെ കടമക്കുടി വില്ലേജ് ഫെസ്റ്റിന് തുടക്കമായി. എറണാകുളം രാജഗിരി കോളേജിലെ വിദ്യാർഥികളാണ്‌ പൊക്കാളിക്കൊയ്‌ത്തിൽ പങ്കാളികളായത്‌. ജില്ലാപഞ്ചായത്തും കടമക്കുടി പഞ്ചായത്തും ഡിടിപിസിയും ചേർന്ന്‌ നടത്തുന്ന ഫെസ്‌റ്റ്‌ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ജൈവകർഷകർ, അക്വാഫാം ഉടമകൾ, വില്ലേജ് ടൂർ ഓപ്പറേറ്റർമാർ എന്നിവരാണ് ഫെസ്‌റ്റിലെ പ്രധാന പങ്കാളികൾ. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ട്രീസ മാനുവൽ ലോഗോ പ്രകാശിപ്പിച്ചു. ജില്ലയിലെ വിവിധ കോളേജുകളിലെ വിദ്യാർഥികൾ കർഷകത്തൊഴിലാളികളോടൊപ്പം വരുംദിവസങ്ങളിലെ കൊയ്‌ത്തുത്സവങ്ങളിൽ പങ്കെടുക്കും. നാലുദിവസത്തെ മേളയിൽ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കടമക്കുടിയിലെ വനിതകൾ വൈകിട്ട്‌ സംഘടിപ്പിക്കുന്ന ഫുഡ് ഫെസ്റ്റിൽ ഗ്രാമത്തിന്റെ തനതുരുചികൾ സന്ദർശകർക്ക്‌ ലഭിക്കും. ഗ്രാമീണവനിതകൾക്ക് ടൂറിസത്തിലൂടെ സ്ഥിരവരുമാനം നൽകുക എന്നതാണ് ഉദ്ദേശ്യം. ഫെസ്റ്റ് ദിനങ്ങളിൽ രാവിലെമുതൽ ഉച്ചവരെ പൊക്കാളിപ്പാടത്ത്‌ കൊയ്‌ത്ത്‌ നടക്കും. കൊയ്‌ത്തുപാട്ട്, നാടൻപാട്ട് എന്നിവ ഉൾപ്പെടുത്തിയുള്ള കലാസന്ധ്യകളിൽ പ്രമുഖ കലാകാരന്മാർ പങ്കെടുക്കും. കടമക്കുടിയുടെ ഭംഗി ആസ്വദിക്കുന്നതിനായി ബോട്ടിങ്ങും ഒരുക്കിയിട്ടുണ്ട്. വിവിധയിനം മത്സരങ്ങളും ഫെസ്റ്റിന്റെ ഭാഗമായി നടക്കും. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്‌, വൈസ് പ്രസിഡന്റ്‌ വിപിൻ രാജ്, സജിനി ജ്യോതിഷ്, ശിൽപ്പ കെ തോമസ്, ബെന്നി സേവ്യർ, വിശാൽ കോശി, പി കെ രാജീവ് എന്നിവർ കൊയ്‌ത്തുത്സവത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News