ബ്രഹ്മപുരത്ത്‌ മുഴുവന്‍സമയ സുരക്ഷാ ജീവനക്കാർ, ഫയർ വാച്ചർമാർ



കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തെതുടർന്ന് പ്രവേശനകവാടങ്ങളിൽ മുഴുവൻസമയവും സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കാൻ തീരുമാനം. എംപവേർഡ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം. പ്ലാന്റിലേക്ക് വരികയും പോകുകയു ചെയ്യുന്ന വാഹനങ്ങളുടെ നമ്പർ, സമയം, ഡ്രൈവറുടെ പേര്, ഫോൺ നമ്പർ, ലൈസൻസ് നമ്പർ എന്നിവ സെക്യൂരിറ്റി ജീവനക്കാർ കൃത്യമായി രേഖപ്പെടുത്തണം.  പ്രവേശനകവാടങ്ങളിൽ സെക്യൂരിറ്റി ക്യാബിനുകൾ സജ്ജീകരിക്കണം. കോർപറേഷനാണ് സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കുക.  കോർപറേഷന്റെ നേതൃത്വത്തിൽ മുഴുവൻസമയവും ഫയർ വാച്ചർമാരെ നിയോഗിക്കാനും പ്ലാന്റിലും സമീപപ്രദേശങ്ങളിലും പൊലീസ് പട്രോളിങ്‌ ശക്തമാക്കാനും തീരുമാനിച്ചു. സിസിടിവി, വാച്ച്‌ ടവർ പ്ലാന്റിന്റെ നിശ്ചിതസ്ഥലങ്ങളിൽ സിസിടിവി ക്യാമറ സ്ഥാപിക്കുകയും കേന്ദ്രീകൃത കൺട്രോൾറൂമിൽനിന്ന് അഗ്‌നിബാധ ഉണ്ടാകുന്നുണ്ടോയെന്ന്  നിരീക്ഷിക്കുകയും ചെയ്യണം. തീ അണയ്ക്കാൻ അത്യാധുനിക  ഉപകരണങ്ങൾ മാലിന്യപ്ലാന്റിൽ സൂക്ഷിക്കണം. പ്ലാന്റ് സെക്ടറുകളായി തിരിച്ച് നിരീക്ഷിക്കാൻ വാച്ച് ടവറുകൾ, വാട്ടർ മോണിറ്റർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഉയരം ക്രമപ്പെടുത്തും മാലിന്യക്കൂമ്പാരങ്ങളുടെ ഉയരം ക്രമപ്പെടുത്തണം. അഗ്‌നിരക്ഷാ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ കഴിയുംവിധം 10 മീറ്റർ അകലത്തിൽ കൂമ്പാരങ്ങൾ തമ്മിലുള്ള അകലം ക്രമീകരിക്കണം. വേനൽക്കാലം കഴിയുംവരെ മാലിന്യക്കൂനകൾ മുഴുവൻസമയവും നനച്ചുനിർത്തണം. റോഡ്‌ നവീകരിക്കും മാലിന്യപ്ലാന്റിലേക്കുള്ള എല്ലാ റോഡുകളും അഗ്‌നി രക്ഷാവാഹനങ്ങൾക്ക് സഞ്ചരിക്കാവുന്നരീതിയിൽ നവീകരിക്കും. പ്ലാന്റിൽ ജോലി ചെയ്യുന്നവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ നടപടിയെടുക്കും. ജീവൻരക്ഷാമരുന്നുകൾ സൈറ്റിൽ കരുതണമെന്നും യോഗം നിർദേശിച്ചു. തീപിടിത്തം ഇല്ലാതാക്കുന്നതിന് ജില്ലാ ഭരണാധികാരികൾ നിർദേശിച്ച നടപടികൾ ഏപ്രിൽ 17നകം പൂർത്തിയാക്കാനും അല്ലാത്തപക്ഷം ദുരന്തനിവാരാണ നിയമം സെക്‌ഷൻ 51 പ്രകാരമുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.   യോഗത്തിൽ ജില്ലാ കലക്ടർ എൻ എസ് കെ ഉമേഷ്, ദുരന്തനിവാരണ കമീഷണർ ടി വി അനുപമ, സിഎസ്‌എംഎൽ സിഇഒ എസ് ഷാനവാസ്,  കോർപറേഷൻ സെക്രട്ടറി ബാബു അബ്ദുൽ ഖദീർ തുടങ്ങിയവർ പങ്കെടുത്തു. Read on deshabhimani.com

Related News