ഓർമകളുടെ റീലിൽ 
നിറകൺചിരിയായി ഇന്നസെന്റ്‌



കൊച്ചി ഒരിക്കലും മുറിയാത്ത ആത്മബന്ധത്തിന്റെ റീലുകൾ മോഹന്റെ വാക്കുകളിലൂടെ ചലിച്ചപ്പോൾ ഓർമകളിൽ കണ്ണുനിറയ്‌ക്കുന്ന ചിരിയായി ഇന്നസെന്റ്‌ നിറഞ്ഞു. ഇന്നസെന്റിനൊപ്പമുണ്ടായിരുന്ന നിമിഷങ്ങൾ സംവിധായകൻ മോഹൻ പങ്കുവച്ചപ്പോൾ നൊമ്പരമടക്കി സദസ്സ്‌ ചിരിച്ചു. ഒരുവേള വിതുമ്പി. എറണാകുളം പബ്ലിക് ലൈബ്രറിയിലെ ഇന്നസെന്റ് അനുശോചനയോഗത്തിൽ സഹോദരസ്‌നേഹത്തിന്റെ ഇഴയടുപ്പമുള്ള  വാക്കുകളിൽ മോഹൻ വാക്കുകളിൽ വരച്ചിട്ടത്‌ ഇന്നസെന്റെന്ന മഹാപ്രതിഭയെ. ‘ഇന്നസെന്റുമായുള്ള ബന്ധം തുടങ്ങുന്നത്‌ കലയിലൂടെയാണെന്ന് മോഹൻ പറഞ്ഞു. ഞാൻ സ്വന്തമായി പ്രൊഫഷണൽ ട്രൂപ്പുണ്ടാക്കാൻ ശ്രമിച്ചു. എന്റെ മാനേജറും കോ–-ഓർഡിനേറ്ററും എല്ലാം ഇന്നസെന്റായിരുന്നു. എല്ലാത്തിനും ഒപ്പമുണ്ടായി. എനിക്ക്‌ ഒരു സുപ്രഭാതത്തിൽ ചീഫ്‌ അസിസ്‌റ്റന്റായി വർക്ക്‌ ചെയ്യാൻ പടം കിട്ടി. ഇന്നസെന്റ്‌ അതറിഞ്ഞു. മദ്രാസ്‌ എന്ന മഹാനഗരത്തിലെത്തി എന്നെ കണ്ടുപിടിച്ചു. മോഹനാ ഞാനിനി പോകില്ല എന്ന്‌ പറഞ്ഞു. ഇന്നസെന്റിനെ പറഞ്ഞുവിടാൻ എനിക്കും പറ്റില്ലായിരുന്നു. പിന്നീടൊരിക്കൽ ‘മോഹനാ നമുക്കൊരു പടം തുടങ്ങിയാലോ എന്ന്‌ ചോദിച്ചു. ഞാൻ പറഞ്ഞു, തുടങ്ങാം. പക്ഷേ പൈസ എവിടെയെന്ന്‌ ചോദിച്ചപ്പോൾ 10 പാർട്‌ണർമാരുണ്ടെന്നായിരുന്നു മറുപടി. പിന്നെ ഞാൻ സ്വന്തം കമ്പനി തുടങ്ങി. ഇന്നസെന്റ്‌ പാർട്‌ണറായി. എന്റെ മിക്കവാറും പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്‌. ഇന്നസെന്റ്‌ പ്രധാന റോൾ ആദ്യം ചെയ്യുന്നത്‌ ഞങ്ങളുടെ പ്രൊഡക്‌ഷനിൽ ‘ഇളക്കങ്ങൾ’ സിനിമയിലാണ്‌.- കറവക്കാരൻ അന്തോണിയായി. മോഹനാ എനിക്കത്‌ പറ്റില്ലെന്ന്‌ ഇന്നസെന്റ്‌ പറഞ്ഞു. ഞാൻ അവനെക്കൊണ്ട്‌ അത്‌ ചെയ്യിപ്പിച്ചു.  എന്റെ ഒരുപാട്‌ ചീത്തയും കേട്ടു. സിനിമയോട്‌ ഇന്നസെന്റിന്‌ ആർത്തിയുണ്ടായിരുന്നില്ല. സിനിമയും കാശും ജീവിതവും വേണമെന്നായിരുന്നു നിലപാട്‌.  അർബുദത്തെയും ഹാസ്യരൂപത്തിലെടുത്തു. മനുഷ്യത്വമുള്ള മനക്കരുത്തും ചങ്കൂറ്റവുമുള്ള വ്യക്തിയായിരുന്നു അവൻ’ മോഹൻ പറഞ്ഞു.   ലൈബ്രറി പ്രസിഡന്റ്‌ അഡ്വ. അശോക് എം ചെറിയാൻ അധ്യക്ഷനായി. ഡോ. എം എസ് മുരളി, സിഐസിസി ജയചന്ദ്രൻ, ലൈബ്രറി സെക്രട്ടറി കെ പി അജിത്കുമാർ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News