കോൽക്കളിയിൽ തിമിർത്ത് നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്‌കൂൾ



മൂവാറ്റുപുഴ തനത് മാപ്പിളപ്പാട്ടുകൾക്കൊപ്പം ചുവടുവച്ച കോൽക്കളി സംഘങ്ങളിൽ മലബാർ സഹോദയയിലെ നരിക്കുനി ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്‌ ഒന്നാംസ്ഥാനം. പന്ത്രണ്ട്‌ ടീമുകൾ പങ്കെടുത്ത മത്സരത്തില്‍, വട്ടക്കോലില്‍തുടങ്ങി മറിഞ്ഞാടി മിന്‍കളി, ചുവട് അടക്കം, ചെറുകളി തുടങ്ങിയവയിൽ കലാകാരന്മാർ മെയ്‌വഴക്കം തീർത്തു. മികച്ച പ്രകടനമാണ്‌ നരിക്കുനി സ്കൂൾ ടീം നടത്തിയത്‌. താളം, കോല്, പാട്ട് എന്നിവ മികച്ചതായി. കൊയിലാണ്ടി അബ്ബാസ് ഗുരുക്കള്‍, മുഹമ്മദ് റബിന്‍സ് എന്നിവരുടെ ശിക്ഷണത്തില്‍ പരിശീലനം ലഭിച്ച കെ പി ജുംഷ, റനീന്‍ അഹമ്മദ്, അബ്ഷര്‍ ഹനാന്‍, മുഹമ്മദ് ആദില്‍, മുഹമ്മദ് ഇസാന്‍, അമല്‍ ജാസ്, ഹാനിം ഹുസൈന്‍, അഥീല്‍ അഹമ്മദ്, കെ അഫ്‌നാന്‍, അഹമ്മദ് നസല്‍, പി പി ദഹാന്‍, മുഹമ്മദ് അദ്‌നാന്‍ എന്നിവരുൾപ്പെട്ട ടീമാണ് ഒന്നാംസ്ഥാനം നേടിയത്. പത്തിരിപ്പാല മൗണ്ട് സീനായ് പബ്ലിക് സ്‌കൂൾ രണ്ടാംസ്ഥാനത്തും കൊച്ചി മെട്രോ സഹോദയയിലെ ആലുവ ക്രസന്റ് പബ്ലിക് സ്‌കൂള്‍ മൂന്നാംസ്ഥാനത്തുമെത്തി. Read on deshabhimani.com

Related News