അച്ചാലാലി​ന്റെ കുട്ടികളും 
അക്ഷരം പഠിക്കും "യേ കേരളാ ഹേ'

അതിഥിത്തൊഴിലാളി അച്ചാലാലിനെ ബിപിസി കെ ബി സിനിയുടെ നേതൃത്വത്തിൽ അധ്യാപകർ ബോധവൽക്കരിക്കുന്നു


കൂത്താട്ടുകുളം "ഞങ്ങള്‍ ബിഹാറിലേക്ക് ഉടൻ തിരിച്ചുപോകും, കുട്ടികളെ അവിടെ സ്കൂളിൽ ചേർത്തോളാം' അതിഥിത്തൊഴിലാളികളുടെ മക്കളെ സ്കൂളിലെത്തിക്കാനുള്ള ശ്രമങ്ങളുമായെത്തിയ അധ്യാപകരോട് അഭ്യർഥിച്ചുനോക്കുകയാണ് ബിഹാർ സ്വദേശി അച്ചാലാൽ. ആറുവയസ്സ്‌ കഴിഞ്ഞിട്ടും സ്കൂളിൽ പോകാതിരിക്കുന്ന നാല് ഇതരസംസ്ഥാന കുട്ടികൾ കൂത്താട്ടുകുളം പെരുങ്കുറ്റി ഭാഗത്തെ സ്വകാര്യ ചെടി നേഴ്സറിയിലുണ്ടെന്നറിഞ്ഞാണ് അധ്യാപകർ ഇവിടെ എത്തിയത്. അങ്കുശ് കുമാർ (7), നേഹ കുമാരി (6), അനിഭ കുമാരി (4) എന്നിവരെയാണ് സർവേയില്‍ കണ്ടെത്തിയത്. എന്നാല്‍, നാലാമത്തെ കുട്ടിക്ക് രണ്ടുവയസ്സായിരുന്നു. ഓരോതവണ ഇവിടെയെത്തുമ്പോഴും അച്ചാലാല്‍ ഒഴിഞ്ഞുമാറി. അധ്യാപകരുടെ അനുനയത്തിനൊടുവിൽ മൂന്നു കുട്ടികളെയും കൂത്താട്ടുകുളം ഗവ. എൽപി സ്കൂളിൽ ചേര്‍ക്കാമെന്ന ഉറപ്പ് അച്ചാലാലും ഭാര്യ സുമിത്രാദേവിയും നൽകി. സമഗ്രശിക്ഷാ കേരളം കൂത്താട്ടുകുളം ബിആർസി ബിപിസി കെ ബി സിനി, ഹെഡ്മിസ്ട്രസ് നിന തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളെ കണ്ടെത്തിയത്. ചെടി നേഴ്സറിയില്‍ അച്ചാലാലിന് 400 രൂപയാണ് ദിവസക്കൂലി. ഭാര്യകൂടി പണിയെടുത്താൽ 300 രൂപകൂടി കിട്ടും. സ്കൂളിൽ അയക്കാനുള്ള ചെലവ്, പണിസ്ഥലത്തെ സമയനഷ്ടം തുടങ്ങിയവയെല്ലാം കാരണമാണ് കുട്ടികളുടെ പഠനാവസരം നഷ്ടപ്പെട്ടതെന്ന് അച്ചാലാല്‍ പറയുന്നു. കേരളത്തിലെ പൊതുവിദ്യാഭ്യാസം ചെലവില്ലാത്തതാണെന്ന്‌ അറിഞ്ഞപ്പോള്‍ അത്ഭുതം. പുസ്തകം, ബാഗ്, വാഹനസൗകര്യം, ഭക്ഷണം, യൂണിഫോം തുടങ്ങിയ സൗകര്യങ്ങളും ഉറപ്പുനൽകിയാണ് അധ്യാപകർ മടങ്ങിയത്. പുതിയ അധ്യയനവര്‍ഷം അച്ചാലാലി​ന്റെ കുട്ടികളും സ്കൂളിലെത്തും. Read on deshabhimani.com

Related News