സിന്തൈറ്റ് ഗ്രൂപ്പിന്റെ സിവിജെ 
അഗ്രോ ക്ലസ്റ്ററിന്‌ തുടക്കം



കോലഞ്ചേരി കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായമന്ത്രാലയത്തിന്റെ പിന്തുണയോടെ സിന്തൈറ്റ് ഗ്രൂപ്പ്‌ ഐക്കരനാട്ടിൽ ആരംഭിച്ച സിവിജെ അഗ്രോ ക്ലസ്റ്റർ വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. സിന്തൈറ്റ് ഗ്രൂപ്പ് സംസ്ഥാനത്ത് ഒരു പുതിയ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. അക്കാദമിയും വ്യവസായവും തമ്മിലുള്ള ബന്ധം മുതൽക്കൂട്ടാവുക എന്ന ലക്ഷ്യത്തോടെ 20 കോടി രൂപ മുടക്കി സിന്തൈറ്റ് ഗ്രൂപ്പ് കൊച്ചി സർവകലാശാലയിൽ ഇൻഡസ്ട്രിയൽ അക്കാദമിക് വിഭാഗം ആരംഭിക്കാൻ തത്വത്തിൽ ധാരണയായെന്നും മന്ത്രി അറിയിച്ചു. മാനേജിങ് ഡയറക്ടർ ഡോ. വിജു ജേക്കബ് അധ്യക്ഷനായി. ജോർജ് പോൾ സയൻസ് ആൻഡ് ടെക്‌നോളജി ലബോറട്ടറിയുടെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിർവഹിച്ചു. ബെന്നി ബഹനാൻ എംപി, പി വി ശ്രീനിജിൻ എംഎൽഎ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ജോയിന്റ് മാനേജിങ് ഡയറക്ടർ വിജു ജേക്കബ്, ഏലിയാമ്മ ജേക്കബ്, പൗലോ ജോർജ് എന്നിവർ സംസാരിച്ചു. നൂറ്റമ്പതുകോടി രൂപ മുടക്കിയാണ് സുഗന്ധവ്യഞ്ജനങ്ങളുടെയും കാർഷികോൽപ്പന്നങ്ങളുടെയും സംസ്കരണത്തിനും ഉൽപ്പാദനത്തിനും വിപണനത്തിനും സമഗ്രമായ സൗകര്യങ്ങൾ പാർക്കിൽ ഒരുക്കുന്നത്. കമ്പനിയുടെ എല്ലാ യൂണിറ്റുകളുടെയും വിശകലന ആവശ്യകതകൾ നിറവേറ്റുന്ന കേന്ദ്രീകൃത ലബോറട്ടറി സൗകര്യവും ഇവിടെയുണ്ട്. സിന്തൈറ്റ് ബയോടെക്, അഴുകൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭക്ഷണം സംരക്ഷിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. Read on deshabhimani.com

Related News