എൽഎൻജി പുനരധിവാസഭൂമി കൈയേറി 
വിൽക്കാൻ നീക്കം



വൈപ്പിൻ ഗോശ്രീ ജങ്ഷനു പടിഞ്ഞാറുവശം കൊച്ചി തുറമുഖ ട്രസ്‌റ്റ്‌ നികത്തിയ 87 സെന്റ് ഭൂമി കൈയേറി വിൽക്കാൻ ഭൂമാഫിയയുടെ നീക്കം. എൽഎൻജി പദ്ധതിപ്രദേശത്തേക്കുള്ള പാലവും റോഡും നിർമിക്കുന്നതിന് ഒഴിപ്പിച്ചവരെ താമസിപ്പിക്കുന്നതിനാണ് ഭൂമി നികത്തിയെടുത്തത്. അതിൽ ബാക്കിവന്ന ഭൂമിയാണ്‌ വിൽക്കാൻ ശ്രമം നടക്കുന്നത്‌. എൽഎൻജി പാലത്തിന്‌ തെക്കുവശം തോടിനു കിഴക്കേ അരിക് ചേർന്നാണ് ഈ ഭൂമി കിടക്കുന്നത്. നികത്തിയ സമയത്ത് കമ്പിവേലി കെട്ടി തിരിച്ചിട്ടിരിക്കുകയായിരുന്നു. അതിനു തൊട്ടുള്ള ഭൂമി പാലിയം വകയുമാണ്. കൊച്ചി താലൂക്ക് ഓഫീസിലെ ഒരു സർവേയറും പുതുവൈപ്പ് വില്ലേജ് ഓഫീസിലെ ചില ഉദ്യോഗസ്ഥരും പ്രദേശത്തെ യൂത്ത് കോൺഗ്രസ് നേതാവും ഇതിനുപിന്നിലുണ്ട്. ഇവരിൽ സ്വാധീനമുള്ള രണ്ടുപേരാണ് ഭൂമിവിൽപ്പനയ്ക്ക്‌ ചരടുവലിക്കുന്നത്. ഭൂമി മൂന്ന്, അഞ്ച് സെന്റുകളായി തിരിച്ച് കുറ്റിയടിച്ച്‌ വിൽപ്പനയ്ക്ക് വച്ചിരിക്കുകയാണ്. തുറമുഖ ട്രസ്‌റ്റിന്‌ പൊതുപ്രവർത്തകർ പരാതി നൽകിയെങ്കിലും നടപടിയില്ല. സെന്റിന് ലക്ഷങ്ങൾ വിലയുള്ള ഭൂമി തട്ടിയെടുത്ത് വിൽപ്പന നടത്താനുള്ള നീക്കത്തിനെതിരെ സിപിഐ എം പുതുവൈപ്പ് ലോക്കൽ കമ്മിറ്റി അധികൃതർക്ക്‌ പരാതി നൽകിയിട്ടുണ്ട്. Read on deshabhimani.com

Related News