പെരുമാറ്റച്ചട്ടം നിലവിൽവന്നു ; കൊച്ചി കോർപറേഷന്റെ 
പദ്ധതിപ്രവർത്തനം അവതാളത്തില്‍



കൊച്ചി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവന്നതോടെ കൊച്ചി കോർപറേഷന്റെ പദ്ധതിപ്രവർത്തനങ്ങൾ അവതാളത്തിലായി. 2021–-22ലെ ജനകീയാസൂത്രണ പദ്ധതിപ്രവർത്തനങ്ങൾ 25നുള്ളിൽ പൂർത്തിയാക്കി ഡിപിസി അംഗീകാരം  വാങ്ങണമെന്നായിരുന്നു സർക്കാർ ഉത്തരവ്. 27നകം പദ്ധതിരേഖ ഓൺലൈനായി സമർപ്പിക്കണമെന്നും നിർദേശമുണ്ടായിരുന്നു. കരട് പദ്ധതികൾ ചർച്ചചെയ്ത് അംഗീകാരം വാങ്ങുന്നതിനായി വെള്ളിയാഴ്ച അടിയന്തര കൗൺസിൽ യോഗം ചേർന്നെങ്കിലും സ്ഥിരംസമിതികളിൽ ചർച്ച ചെയ്യാതെ അജൻഡ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വാശിപിടിച്ചതോടെ ഒരു അജൻഡ മാത്രം പാസാക്കി കൗൺസിൽ പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ അഭിപ്രായം കണക്കിലെടുത്ത് ശനിയാഴ്ച രാവിലെ സ്റ്റാൻഡിങ് കമ്മിറ്റികളിൽ ചർച്ച ചെയ്തശേഷം വൈകിട്ട് കൗൺസിൽ ചേർന്ന് അജൻഡ പാസാക്കാമെന്നും മേയർ സമ്മതിച്ചു. എന്നാൽ, പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായതോടെ പദ്ധതിരേഖ അലമാരിയിൽ പൂട്ടിവയ്ക്കേണ്ട സ്ഥിതിയായി. മുൻവർഷം അനുവദിച്ച പദ്ധതിവിഹിതംതന്നെ ലഭ്യമാകുമെന്ന നിഗമനത്തിൽ നടപ്പുവർഷത്തെ പദ്ധതിരേഖ തയ്യാറാക്കണമെന്ന സർക്കാർ ഉത്തരവ് വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ലഭിച്ചതെന്ന് വികസനകാര്യ സമിതി അധ്യക്ഷൻ പി ആർ റെനീഷ് കൗൺസിലിനെ അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാൻ സാധ്യതയുള്ളതിനാൽ അജൻഡ പാസാക്കാൻ അനുവദിക്കണമെന്നും കരടു നിർദേശത്തിൽ വന്ന ഭേദഗതികൾ വർക്കിങ് ഗ്രൂപ്പിൽ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞുവെങ്കിലും പ്രതിപക്ഷം സമ്മതിച്ചില്ല. പട്ടികജാതി, പട്ടികവർഗ പദ്ധതി ഉൾപ്പെടെ വിവിധ വികസനപ്രവർത്തനങ്ങൾക്കായി  60.31 കോടിയും മെയിന്റനൻസ് ഫണ്ട്, റോഡ്, റോഡിതര വിഭാഗത്തിൽ 71.49 കോടിയുടെയും ഫണ്ടിന് അനുമതി നൽകി കൗൺസിൽ യോഗം പിരിഞ്ഞു. Read on deshabhimani.com

Related News