അടുത്തവര്‍ഷം ഒരുലക്ഷം എംഎസ്എംഇ 
സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി രാജീവ്



കൊച്ചി അടുത്തവർഷം സംസ്ഥാനത്ത് ഒരുലക്ഷം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ (എംഎസ്എംഇ) ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വ്യവസായമന്ത്രി പി രാജീവ്. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ വ്യവസായ സംരംഭകരുടെ സമ്മേളനമായ ടൈകോൺ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ‘നിങ്ങളുടെ സംരംഭം നാടിന്റെ അഭിമാനം’ എന്നതാണ് വ്യവസായ വികസനത്തിന് സർക്കാർ മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം.  പണ്ട്‌ നിക്ഷേപകർ സംശയത്തോടെയാണ് സർക്കാരിനെ സമീപിച്ചത്‌, ഇനി വിശ്വാസത്തോടെ സമീപിക്കാം മന്ത്രി പറഞ്ഞു.  കേരളം രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമായി. ഇന്റർനെറ്റ് എല്ലാ പൗരന്മാരുടെയും അടിസ്ഥാന അവകാശമാക്കും. സുസ്ഥിര നിക്ഷേപത്തിനുള്ള ഹബ്ബായി സംസ്ഥാനം മാറി. ഇതിനുള്ള നിയമ ഭേദ​ഗതികളാണ് സർക്കാർ കൊണ്ടുവരുന്നത്. കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കും. അതിവേ​ഗ പരാതിപരിഹാര സമിതിയാണ് നിക്ഷേപകർക്കും സംരംഭകർക്കും ലഭ്യമാക്കുന്ന മറ്റൊരു സംവിധാനം. രാജ്യത്ത് ആദ്യമായി കേരളം ഒരു   ചരക്കുനീക്ക കർമപദ്ധതി തയ്യാറാക്കുകയാണ്. ചരക്കുഗതാ​ഗതത്തിന് ശക്തമായ സംവിധാനം വികസിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.   ‘ഉത്തരവാദിത്വ വ്യവസായം, ഉത്തരവാദിത്വ നിക്ഷേപം’ എന്നതാണ് സർക്കാരിന്റെ നയം. ഹരിത–-അടിസ്ഥാനസൗകര്യങ്ങൾക്ക് പ്രാധാന്യം നൽകി  വ്യാവസായിക സംസ്കാരവും നിക്ഷേപ പദ്ധതികളും  നടപ്പാക്കും. ഒരു വ്യവസായം തുടങ്ങുന്നതിനും നടത്തിക്കൊണ്ടുപോകുന്നതിനുമുള്ള പിന്തുണയാണ് സർക്കാർ ഉറപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ടൈ കേരള പ്രസിഡന്റ് അജിത് മൂപ്പൻ, നിയുക്ത പ്രസിഡന്റ് അനിഷ ചെറിയാൻ, നിയുക്ത വൈസ് പ്രസിഡന്റ് ദാമോദർ അവനൂർ, എക്സിക്യൂട്ടീവ് ഡയറക്ടർ അരുൺനായർ എന്നിവർ സംസാരിച്ചു. ഒരേസമയം നേരിട്ടും വെർച്വലായുമാണ്‌ സമ്മേളനം നടക്കുന്നത്‌. ഏകദേശം 1200 -പ്രതിനിധികളും വിവിധ രാജ്യങ്ങളിൽനിന്നായി നാൽപ്പതിലധികം പ്രഭാഷകരും നിക്ഷേപകരും പങ്കെടുക്കുന്നുണ്ട്. സമ്മേളനം ശനിയാഴ്ച സമാപിക്കും.   Read on deshabhimani.com

Related News