12 മണിക്കൂർ ജോലി: സഹകരിക്കില്ലെന്ന്‌ റിഫൈനറി തൊഴിലാളികൾ



കൊച്ചി കൊച്ചി റിഫൈനറി തൊഴിലാളികളുടെ ജോലിസമയം 12 മണിക്കൂറാക്കിയ മാനേജ്‌മെന്റ്‌ തീരുമാനവുമായി സഹകരിക്കില്ലെന്ന്‌ തൊഴിലാളി യൂണിയനുകൾ. ഐആർഇപി പ്ലാന്റിൽ ഒരുമാസത്തിലേറെ നീളുന്ന വാർഷിക അറ്റകുറ്റപ്പണിക്കായാണ്‌ മാനേജ്‌മെന്റ്‌ ഏകപക്ഷീയമായി ജോലിസമയം വർധിപ്പിച്ചത്‌. തിങ്കൾമുതൽ 12 മണിക്കൂർ ജോലി നടപ്പാക്കുമെന്നും സഹകരിക്കാത്തവർക്കെതിരെ നടപടിയെടുക്കുമെന്നും മാനേജ്‌മെന്റ്‌ ഭീഷണി മുഴക്കിയിട്ടുണ്ട്‌. തൊഴിൽനിയമവിരുദ്ധമായ പരിഷ്‌കാരവുമായി സഹകരിക്കില്ലെന്ന നിലപാടിലാണ്‌ സിഐടിയു ഉൾപ്പെടെയുള്ള യൂണിയനുകൾ. നിലവിൽ എട്ടുമണിക്കൂറുള്ള മൂന്ന്‌ ഷിഫ്‌റ്റിലാണ്‌ ജോലി. ഇത്‌ രണ്ട്‌ ഷിഫ്‌റ്റായി ക്രമീകരിച്ച്‌ ഒരേസമയം കൂടുതൽ തൊഴിലാളികളെ കൂടുതൽ സമയം ജോലിചെയ്യിപ്പിക്കാനാണ്‌ നീക്കം. യൂണിയനുകളുമായി കൂടിയാലോചിക്കാതെയാണ്‌ പുതിയ പരിഷ്‌കാരം. സഹകരിക്കില്ലെന്ന്‌ അറിയിച്ച്‌ യൂണിയനുകൾ സംയുക്തമായി മാനേജ്‌മെന്റിന്‌ കത്ത്‌ നൽകി. ഫാക്ടറീസ് ആക്ടിനും തൊഴിൽത്തർക്ക നിയമത്തിനും കൊച്ചി റിഫൈനറിയിലെ സ്റ്റാൻഡിങ് ഓർഡറിനും വിരുദ്ധമാണ് മാനേജ്‌മെന്റ്‌ തീരുമാനമെന്നും സഹകരിക്കില്ലെന്നുമാണ്‌ അറിയിച്ചത്‌. ഇതിന്‌ കമ്പനി ചീഫ്‌ ജനറൽ മാനേജർ നൽകിയ മറുപടിയിലാണ്‌ 12 മണിക്കൂർ ജോലിയുമായി സഹകരിക്കാത്തവർ കടുത്ത നടപടി നേരിടേണ്ടിവരുമെന്ന ഭീഷണി. റിഫൈനറിയിലെ പ്രധാന പദ്ധതിയിലെ പ്ലാന്റുകളിൽ 850 കോടി രൂപ ചെലവുള്ള വാർഷിക അറ്റകുറ്റപ്പണികളാണ്‌ നടക്കുന്നത്‌. അറുന്നൂറോളം റിഫൈനറി തൊഴിലാളികൾക്കുപുറമെ പതിനായിരത്തോളം കരാർത്തൊഴിലാളികളും അറ്റകുറ്റപ്പണികളിൽ പങ്കെടുക്കുന്നുണ്ട്‌. തിങ്കളാഴ്‌ച എട്ടുമണിക്കൂർ ജോലി തുടരാനാണ്‌ യൂണിയനുകളുടെ തീരുമാനം. അച്ചടക്കനടപടികൾ കൈക്കൊണ്ടാൽ സമരപരിപാടി ഉൾപ്പെടെ ആലോചിക്കുമെന്ന്‌ യൂണിയനുകൾ മാനേജ്‌മെന്റിനെ അറിയിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News