ക്യാച്ച് ദി റെയ്‌നില്‍ സുന്ദരിയാകാൻ തുമ്പിച്ചാൽ

തുമ്പിച്ചാൽ ചിറ


ആലുവ മുഖംമിനുക്കി സുന്ദരിയാകാന്‍ ഒരുങ്ങുകയാണ് കീഴ്മാട് തുമ്പിച്ചാൽ ജലസംഭരണി. കേന്ദ്ര ഉൾനാടൻ ജലഗതാഗതവകുപ്പിന്റെ സഹകരണത്തോടെ ജല്‍ശക്തി അഭിയാൻ ക്യാച്ച് ദി റെയ്ന്‍ പദ്ധതി നടപ്പാകുന്നതോടെ തുമ്പിച്ചാലിന്റെ മുഖഛായ മാറും. നവീകരണത്തിനായി കഴിഞ്ഞ ജൂലൈയിൽ ഉൾനാടൻ ജലഗതാഗത ഉദ്യോഗസ്ഥർ തുമ്പിച്ചാൽ സന്ദർശിച്ച് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരിൽനിന്ന്‌ വിവരം ശേഖരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയിൽ ഉൾപ്പെടുത്തി തുമ്പിച്ചാൽ നവീകരണത്തിന് കലക്ടർ അനുമതി നൽകിയത്. പത്ത് ഏക്കറുള്ള തുമ്പിച്ചാൽ, ജില്ലയിലെ ഏറ്റവും വലിയ ചിറകളിൽ ഒന്നാണ്. തുമ്പിച്ചാൽ അളന്നു തിരിച്ച് ചെളി കോരിമാറ്റി ചുറ്റും കെട്ടി സംരക്ഷിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. നാശോന്മുഖമായ തുമ്പിച്ചാൽ ഓപ്പറേഷൻ വാഹിനി പദ്ധതിയിലാണ് അടുത്തിടെ ശുചീകരിച്ചത്. ചുറ്റും വീതിയുള്ള ബണ്ട് പിടിപ്പിച്ചതോടെ നിരവധിപേരാണ് പ്രഭാതസവാരിക്കും സായാഹ്നം ചെലവിടാനും ഇവിടെ എത്തുന്നത്. തുമ്പിച്ചാൽ തടാകവും വിശാലമായ പാടശേഖരവും നടുവിലൂടെയുള്ള വിശാലമായ റോഡും ജനങ്ങളെ ആകർഷിക്കുന്നു. ജല്‍ശക്തി പദ്ധതി നടത്തിപ്പിനായി ജലാശയ നവീകരണത്തിന് മേജർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയറെയും തുടർപദ്ധതി രൂപീകരണത്തിന് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനെയും ചുമതലപ്പെടുത്തി കലക്ടർ ഉത്തരവായി. ഭൂമിസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആലുവ തഹസിൽദാറെയും ചുമതലപ്പെടുത്തി. Read on deshabhimani.com

Related News