കടൽ കടന്ന്‌ ചിഞ്ചുവിന്റെ 
എണ്ണത്തോണി



കൊച്ചി അരയൻകാവ്‌ പുളിക്കാമൂഴിയിൽ ചിഞ്ചു കൃഷ്‌ണരാജിന്റെ സ്ഥാപനം നിർമിച്ച എണ്ണത്തോണികൾ കടൽകടന്ന്‌ ഗൾഫ്‌–-യൂറോപ്യൻ രാജ്യങ്ങളിലെത്തിയിരിക്കുകയാണ്‌. ആയുർവേദ ആശുപത്രികളിലും സ്‌പാകളിലും ഉപയോഗിക്കുന്ന ചികിത്സാ ഉപകരണങ്ങൾ നിർമിക്കുന്ന ‘ആയുഷ്‌ ജ്യോതി’, ചിഞ്ചു എന്ന വീട്ടമ്മയുടെ ആശയമാണ്‌. ഭർത്താവ്‌ കൃഷ്‌ണരാജ്‌ ഒപ്പംചേർന്നതോടെ എട്ടുവർഷംമുമ്പ്‌ വീടിനോടുചേർന്ന്‌ സംരംഭം ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്കും ഇവർ ഉപകരണങ്ങൾ എത്തിക്കുന്നു. സൂക്ഷ്‌മ–-ചെറുകിട–-ഇടത്തരം സംരംഭകരുടെ (എംഎസ്‌എംഇ) ഉൽപ്പന്നങ്ങൾ ആഭ്യന്തരവിപണിയിലേക്ക്‌ എത്തിക്കാൻ ലക്ഷ്യമിട്ട്‌ കളമശേരി കേരള ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഫോർ എൻട്രപ്രണർഷിപ് ഡെവലപ്‌മെന്റ്‌ (കീഡ്‌) ക്യാമ്പസിൽ നടന്ന ‘കമ്യൂണിറ്റി മീറ്റപ്പ്‌ 2022’ സംഗമത്തിൽ ദമ്പതികൾ ഉൽപ്പന്നങ്ങൾ അവതരിപ്പിച്ചു. വാകമരത്തിൽ ഏഴുമുതൽ ഒമ്പതടിവരെ നീളത്തിൽ നിർമിക്കുന്ന എണ്ണത്തോണികൾക്ക്‌ 25,000 മുതൽ 60,000 രൂപവരെ വില വരും. ഫൈബർ എണ്ണത്തോണിക്ക്‌ 20,000 രൂപയാകും. ധാരയും നസ്യവും ചെയ്യാനുള്ള ഉപകരണങ്ങളും ഇവർ നിർമിക്കുന്നു. ശിരോധാരയ്ക്കുള്ള മേശയും ആവി ചികിത്സയ്ക്കുള്ള പെട്ടിയുമെല്ലാം ഇവിടെയുണ്ട്‌. കൂടാതെ, വീട്ടകങ്ങളിൽ അലങ്കാരമായി വയ്ക്കുന്ന ദാരുശിൽപ്പങ്ങളും നിർമിക്കുന്നു. ചികിത്സാ ഉപകരണങ്ങൾ നിർമിക്കാൻ എട്ടുലക്ഷം രൂപയുടെ പുതിയ യന്ത്രസംവിധാനങ്ങൾ ‘ആയുഷ്‌ ജ്യോതി’യിൽ സ്ഥാപിച്ചിട്ടുണ്ട്‌. ഷിപ്പിങ് കമ്പനിയിൽ 20 വർഷത്തെ സേവനത്തിനുശേഷമാണ്‌ കൃഷ്‌ണരാജ്‌ ഭാര്യയെ സഹായിക്കാൻ ഒപ്പം ചേർന്നത്‌. കീഡിലെ പരിശീലനം പുതിയ ഊർജവും അറിവും പകർന്ന സന്തോഷത്തിലാണ്‌ ചിഞ്ചു.   Read on deshabhimani.com

Related News