ആരും പട്ടിണിയാകില്ല; കരിത്തലപ്പറമ്പ്‌ കോളനിയിലെ അമ്മമാരുള്ളപ്പോൾ



കൊച്ചി ‘വിശക്കുന്നവർക്ക്‌ ഭക്ഷണം ഉണ്ടാക്കാൻ സഹായിക്കാമോ?’. എറണാകുളം കെഎസ്‌ആർടിസി സ്‌റ്റാൻഡിനടുത്തുള്ള കരിത്തലപ്പറമ്പ്‌ കോളനിയിലെ അമ്മമാരോട്‌ ഡിവൈഎഫ്‌ഐക്കാർ ചോദിച്ച ചോദ്യം. ദിവസവും 300 പേർക്കാണ്‌ ഭക്ഷണം ഉണ്ടാക്കേണ്ടത്‌. കോവിഡ്‌–-19 വ്യാപിച്ച സാഹചര്യത്തിൽ ജോലിക്ക്‌ പോകാൻ കഴിയാത്ത ദിവസവേതനക്കാരാണ്‌ ഇവരിലേറെ. പക്ഷേ, വിശക്കുന്നവർക്കായി അമ്മമാർ സ്‌നേഹത്തോടെ ആ വിളി ഏറ്റെടുത്തു. ജനതാ കർഫ്യൂ ആചരിച്ച ഞായറാഴ്‌ച മുതൽ ഡിവൈഎഫ്‌ഐ എറണാകുളം സിറ്റി കമ്മിറ്റിയുടെ നേതൃത്വത്തിൽ അവർ ഭക്ഷണം ഉണ്ടാക്കി. വീടുകളിലുണ്ടാക്കിയ പൊതിച്ചോറ്‌ നഗരത്തിന്റെ വിശപ്പ്‌ അകറ്റാൻ തുടങ്ങി. ലോക്ക്‌ഡൗണിൽപ്പെട്ട്‌ നാട്ടിലേക്ക്‌ പോകാൻ കഴിയാത്തവർക്കും വഴിയരികിൽ ജീവിക്കുന്നവർക്കും ഇതരസംസ്ഥാന തൊഴിലാളികൾക്കും ഡിവൈഎഫ്‌ഐ ഭക്ഷണമെത്തിച്ചു. ഇപ്പോൾ ദിവസവും 300 ഭക്ഷണപ്പൊതികൾ ഇവർ എത്തിച്ചു കൊടുക്കുന്നുണ്ട്‌. ഇത്തരമൊരു നല്ല കാര്യം ചെയ്യാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന്‌ കോളനിയിലെ അന്തേവാസി ലൈല സത്യൻ പറയുന്നു. ലൈലയുടെ വീടിന്റെ മുറ്റത്താണ്‌ പാചകം. സഹായത്തിന്‌ അയൽക്കാരായ ജിജി ബാബുവും തങ്ക ദാസനും മുനീറയും മുംതാസുമെല്ലാം എപ്പോഴും റെഡി. സുമനസ്സുകളുടെ സഹായത്തോടെയാണ്‌ സാധനങ്ങൾ ശേഖരിക്കുന്നത്‌. കാക്കനാടുള്ള  രാജേഷാണ്‌  ഗ്യാസ്‌  നൽകിയത്‌. പച്ചക്കറി നൽകുന്നത്‌ എറണാകുളം മാർക്കറ്റിൽ കച്ചവടം നടത്തുന്ന നാസർ. അരിയും പലവ്യഞ്ജനങ്ങളും ഡിവൈഎഫ്‌ഐ പ്രവർത്തകർ പിരിവിട്ട്‌ വാങ്ങുന്നു. ആദ്യ ദിവസം മീനടക്കമുള്ള വിഭവങ്ങൾ ഉണ്ടായിരുന്നു. ഹാർബർ അടച്ചതോടെ മീൻ കിട്ടാൻ ബുദ്ധിമുട്ടായി. വ്യാഴാഴ്‌ചത്തെ മെനു പരിപ്പും ചീരക്കറിയും ചോറും അച്ചാറുമാണ്‌. സാമ്പാറും മറ്റ്‌ കറികളുമെല്ലാം മാറിവരുന്ന മെനുവിലുണ്ട്‌. ഡിവൈഎഫ്‌ഐ എറണാകുളം സിറ്റി മേഖലാ സെക്രട്ടറി ഫിറോസ് മുഹമ്മദിന്റെ നേതൃത്വത്തിൽ ഫൈസലും ഷുഹൈബും അഭിലാഷും റിയാസുമെല്ലാം അമ്മമാർക്ക്‌ ഒപ്പമുണ്ട്‌. വീടുകളിൽനിന്ന്‌ പുറത്തിറങ്ങാൻ കഴിയാത്തവർക്ക്‌ അവശ്യസാധനങ്ങൾ വാങ്ങുന്നതിനും ഡിവൈഎഫ്‌ഐ സഹായമൊരുക്കിയിട്ടുണ്ട്‌. ഭക്ഷണം ലഭിക്കാൻ ബുദ്ധിമുട്ടുള്ളവർ 9633486270 എന്ന നമ്പറിൽ വിളിക്കണമെന്ന്‌ ഡിവൈഎഫ്‌ഐ സിറ്റി കമ്മിറ്റി അറിയിച്ചു.   Read on deshabhimani.com

Related News