തിരശ്ശീലയിൽ തെളിഞ്ഞു ; വംശഹത്യാക്കാലം ; ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ച്‌ 
 എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും

എറണാകുളം കലൂരിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ 
ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ ' ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നു


കൊച്ചി ​ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ–ദി മോദി ക്വസ്റ്റ്യൻ’ എസ്എഫ്ഐ, ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ ജില്ലയിൽ പ്രദർശിപ്പിച്ചു. എസ്‌എഫ്‌ഐ നേതൃത്വത്തിൽ മഹാരാജാസ്‌ കോളേജ്‌, എറണാകുളം ലോ കോളേജ്‌, കുസാറ്റ്‌, കാലടി സംസ്‌കൃത സർവകലാശാല എന്നിവിടങ്ങളിലാണ്‌ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്‌. നൂറുകണക്കിന്‌ വിദ്യാർഥികൾ പ്രദർശനത്തിനെത്തി. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി അർജുൻ ബാബു, ജില്ലാ പ്രസിഡന്റ്‌ പ്രജിത് കെ ബാബു എന്നിവർ മഹാരാജാസ്‌ കോളേജിൽ നടന്ന ഡോക്യുമെന്ററി പ്രദർശനത്തിന്‌ നേതൃത്വം നൽകി. വലിയ സ്‌ക്രീനിലാണ്‌ എല്ലായിടത്തും പ്രദർശനം ഒരുക്കിയത്‌.    ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സഞ്ചരിക്കുന്ന എൽഇഡി വാളിൽ ഡോക്യുമെന്ററിയുടെ പ്രദർശനം ഒരുക്കി. കലൂർ, ഹൈക്കോടതി ജങ്‌ഷൻ, മേനക തുടങ്ങിയ പ്രധാന സ്ഥലങ്ങളിലാണ്‌ ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്‌. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, പ്രസിഡന്റ്‌ അനീഷ്‌ എം മാത്യു, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. ബിപിൻ വർഗീസ്, അഡ്വ. നിഖിൽ ബാബു, ജോയിന്റ്‌ സെക്രട്ടറി അമൽ സോഹൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി അരുൺകുമാർ എന്നിവർ നേതൃത്വം നൽകി. ഡിവൈഎഫ്‌ഐ ബ്ലോക്ക്‌, മേഖലാ കേന്ദ്രങ്ങളിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. Read on deshabhimani.com

Related News