കിടപ്പുരോഗികളുടെ കുടുംബസഹായം സമൂഹം ഏറ്റെടുക്കണം: മന്ത്രി രാജീവ്



കളമശേരി കിടപ്പുരോഗികളുള്ള കുടുംബത്തെ സഹായിക്കാൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കളമശേരി മണ്ഡലത്തിലെ കിടപ്പുരോഗികളുടെ പരിചരണത്തിനായി കനിവ് പാലിയേറ്റീവ് കെയർ സംഘം വാങ്ങിയ രണ്ടാമത്തെ വാഹനം ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. കൃത്യമായ ഇടവേളകളിൽ വളന്റിയർമാർ രോഗികളുടെ വീട്ടിലെത്തണമെന്നും ആഴ്ചയിൽ നിശ്ചിതദിവസം ചെലവഴിക്കാൻ തയ്യാറുള്ളവർക്ക്‌ വളന്റിയർ പരിശീലനം നൽകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി രാജീവ് മുൻകൈയെടുത്ത് ബിപിസിഎൽ കൊച്ചിൻ റിഫൈനറിയുടെ സഹായത്തോടെയാണ് വാഹനം വാങ്ങി നൽകിയത്. പുതിയ വാഹനം ആഴ്ചയിൽ ഒരുദിവസം അമ്പലമുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. മുപ്പത്തടം മുതുകാട് എൻഎസ്എസ് ഹാളിനുസമീപം നടന്ന ചടങ്ങിൽ കളമശേരി കനിവ് പാലിയേറ്റീവ് സംഘം പ്രസിഡന്റ്‌ കെ ബി വർഗീസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം പി ഉദയൻ, കൊച്ചിൻ റിഫൈനറി ബിപിസിഎൽ എക്സിക്യൂട്ടീവ് ഡയറക്ടർ അജിത് കുമാർ, ഡോ. ജുനൈദ് റഹ്മാൻ, ഡോ. സജിത്‌ ജോൺ, കടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, അലിഗഡ് സർവകലാശാല മുൻ രജിസ്ട്രാർ ഡോ. വി കെ അബ്ദുൽ ജലീൽ, മുപ്പത്തടം സർവീസ് സഹകരണ സംഘം പ്രസിഡന്റ്‌ വി എം ശശി, കെ ജി സെബാസ്റ്റ്യൻ, എസ് ആന്റണി, സി ജി വേണുഗോപാൽ, ആർ രാജലക്ഷ്മി, കളമശേരി കനിവ് പാലിയേറ്റീവ് സംഘം സെക്രട്ടറി അഡ്വ. പി എം മുജീബ് റഹ്മാൻ, എൻ ആർ രാഗേഷ് എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News