പ്രതിസന്ധിക്ക് ബ്ലോക്കിട്ട് ഭൂമിക 
ഇന്ത്യൻ ടീമിലേക്ക്



ചേന്ദമംഗലം ജീവിതപ്രാരബ്ധങ്ങളോട് പൊരുതിക്കയറി എ ആർ ഭൂമിക ജൂനിയർ ഇന്ത്യൻ വോളിബോൾ ടീം ക്യാമ്പിൽ. 21 പേരെ തെരഞ്ഞെടുത്തതിൽ ജില്ലയിൽനിന്ന് ഭൂമികമാത്രമാണുള്ളത്. വലിയപഴമ്പിള്ളിത്തുരുത്ത് അപ്പച്ചാത്ത് പരേതനായ രാംലാലിന്റെയും ലൈജിയുടെയും മകളാണ്‌.  കരിമ്പാടം ഡിഡിസഭാ ഹൈസ്കൂളിലെ 10–--ാംക്ലാസ് വിദ്യാർഥിനിയാണ്. കഷ്ടപ്പാടുകളോട്‌ മല്ലിട്ടാണ്‌ ഭൂമിക വിജയത്തിന്റെ പടവുകൾ കയറിയത്‌. ടയറിന്റെ പണി ചെയ്തിരുന്ന അച്ഛൻ രണ്ടുവർഷംമുമ്പ്‌ മരിച്ചു. അമ്മയും സഹോദരൻ ആകാശുമാണ് ഒപ്പമുള്ളത്. ചോർന്നൊലിക്കുന്ന, തേക്കാത്ത വീട്ടിലാണ്‌ താമസം. അതാകട്ടെ ബാങ്കിൽ പണയത്തിലായതിനാൽ ജപ്തിനടപടികളിലുമാണ്. അച്ഛൻ മരിച്ചശേഷം അമ്മയ്‌ക്ക് താൽക്കാലികമായി മിൽമയിൽ ആറുമാസത്തെ കരാർജോലി കിട്ടിയിരുന്നു. ഇപ്പോൾ തൊഴിലുറപ്പുതൊഴിലാളിയാണ്. അഞ്ചാംക്ലാസ് മുതൽ ഭൂമിക വോളിബോൾ കളിച്ചുതുടങ്ങി. ഇപ്പോൾ സ്കൂളിലെ മുത്തൂറ്റ് പാപ്പച്ചൻ വോളിബോൾ അക്കാദമി അംഗമാണ്. സെന്റർ ബ്ലോക്ക് പൊസിഷനിൽ കളിക്കുന്ന ഭൂമികയ്‌ക്ക്‌ ബംഗളൂരുവിൽ സെലക്‌ഷൻ ട്രയൽസിന്‌ പോകാനുള്ള ചെലവ്‌ മുത്തൂറ്റ് അക്കാദമിയും സ്കൂൾ മാനേജ്മെന്റും പിടിഎയും ചേർന്നാണ്‌ നൽകിയത്. ദേശീയ ജൂനിയർ ടീം ക്യാമ്പിലേക്ക്‌ തെരഞ്ഞെടുത്ത ഭൂമികയെ മാനേജർ ജീൻ സുധാകൃഷ്ണന്റെ നേതൃത്വത്തിൽ സ്കൂൾ അധികൃതർ വീട്ടിലെത്തി അനുമോദിച്ചു. വലിയപഴമ്പിള്ളിത്തുരുത്ത് ടുഡെയ്സ് വോളിബോൾ ക്ലബ് സ്വീകരണം നൽകി. Read on deshabhimani.com

Related News