കെഎസ്ആർടിസി അങ്കമാലി ഡിപ്പോയുടെ 
നവീകരണത്തിന് 4.34 കോടി രൂപ അനുവദിച്ചു



അങ്കമാലി കെഎസ്ആർടിസി അങ്കമാലി ഡിപ്പോയുടെ നവീകരണത്തിനായി 4.34 കോടി രൂപ അനുവദിച്ചതായി റോജി എം ജോൺ എംഎൽഎ അിറയിച്ചു. കെഎസ്ആർടിസി ടെർമിനലിലെ ബസുകൾ പാർക്ക് ചെയ്യുന്ന യാര്‍ഡിന്റെ ശോചനീയാവസ്ഥയും അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതിമൂലം യാത്രക്കാരുടെ ബുദ്ധിമുട്ടും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് തുക അനുവദിച്ചത്. നിലവിലെ കെട്ടിടത്തിന്റെ താഴത്തെനിലയിൽ എസി പാസഞ്ചർ വെയ്റ്റിങ് ലോഞ്ച്, റസ്റ്റോറന്റ്‌, ഒന്നാംനിലയിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകമായി ഡോർമെറ്ററി, ജീവനക്കാർക്ക് റെസ്റ്റ്റൂം, ലിഫ്റ്റ്, പുതിയ ഓഫീസ് ബ്ലോക്ക്, യാഡ് നവീകരണം, ഇലക്ട്രിഫിക്കേഷൻ എന്നിവ നിര്‍മിക്കും. ടെർമിനലിന്റെ നിർമാണം നേരത്തേ പൂർത്തിയാക്കിയെങ്കിലും നിരന്തരമായി യാഡ് ശോചനീയാവസ്ഥയിലാകുന്നതും യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനെസംബന്ധിച്ചും പരാതികൾ ഉയർന്നിരുന്നു. അങ്കമാലി ഡിപ്പോയെ ദീർഘദൂര സർവീസുകളടെ ട്രാൻസിറ്റ് കേന്ദ്രമാക്കി മാറ്റുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് എംഎല്‍എ പറഞ്ഞു. Read on deshabhimani.com

Related News