അടച്ചിടൽ: നിയന്ത്രണങ്ങളോട്‌ സഹകരിച്ച്‌ ജനം



കൊച്ചി സംസ്ഥാനത്ത് ഞായറാഴ്‌ച ഏർപ്പെടുത്തിയ ലോക്ക്‌ഡൗൺ സമാന നിയന്ത്രണങ്ങളോട്‌ സഹകരിച്ച്‌ ജനം. സ്വകാര്യബസുകൾ നിരത്തിലിറങ്ങിയില്ല. നാമമാത്രമായ കെഎസ്‌ആർടിസി ബസുകൾ സർവീസ്‌ നടത്തി. കെഎസ്‌ആർടിസി എറണാകുളം ഡിപ്പോയിൽനിന്ന്‌ 23 സർവീസ്‌ നടത്തി. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ ദീർഘദൂര സർവീസുകളാണ്‌ ഏറെയും നടത്തിയത്‌. എറണാകുളം ബോട്ടുജെട്ടിയിൽനിന്ന്‌ ഗുരുവായൂർ ഭാഗത്തേക്ക്‌ ഓർഡിനറി സർവീസും നടത്തി. അങ്കമാലി കെഎസ്‌ആർടിസി ഡിപ്പോയിൽനിന്ന്‌ ആലുവ, ചാലക്കുടി ഭാഗത്തേക്ക്‌ എട്ട്‌ സർവീസ്‌ നടത്തി. എല്ലാ ബസിലും പൊതുവെ തിരക്ക്‌ കുറവായിരുന്നുവെന്ന്‌ കെഎസ്‌ആർടിസി അധികൃതർ പറഞ്ഞു. അത്യാവശ്യങ്ങൾക്കായി കാറുകളിലും ഇരുചക്രവാഹനങ്ങളിലും ജനങ്ങൾ യാത്ര ചെയ്‌തെങ്കിലും നിരത്തുകൾ പൊതുവെ ഒഴിഞ്ഞുകിടന്നു. പൊലീസ്‌ കർശന നിർദേശം പുറപ്പെടുവിച്ചിരുന്നതിനാൽ അത്യാവശ്യ യാത്രക്കാർ സത്യവാങ്മൂലവും വിവിധ സ്ഥാപനങ്ങളിൽ ജോലിക്ക്‌ പോകുന്നവർ തിരിച്ചറിയൽ കാർഡുകളും കരുതിയിരുന്നു. പൊലീസ്‌ കർശന പരിശോധന നടത്തി അനാവശ്യമായി പുറത്തിറങ്ങിയവരിൽനിന്ന്‌ പിഴ ഈടാക്കി. ഹോട്ടലുകളും ബേക്കറികളും രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിച്ചെങ്കിലും പാഴ്‌സൽ സർവീസ്‌ മാത്രമാണ്‌ അനുവദിച്ചത്‌. മുൻകൂട്ടി തീരുമാനിച്ച ചടങ്ങുകളിൽ 20 പേരിലധികം പങ്കെടുത്തില്ല. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളിലും തിരക്ക്‌ ഒഴിവാക്കിയാണ്‌ കച്ചവടം നടത്തിയത്‌. കലൂർ മാർക്കറ്റിൽ ഞായർതോറും നടക്കാറുള്ള വഴിവാണിഭത്തിലും തിരക്ക്‌ നിയന്ത്രിക്കാൻ പൊലീസ്‌ എത്തിയിരുന്നു.     Read on deshabhimani.com

Related News