ജീവിതം ലോകോത്തര നിലവാരത്തിലാക്കുക സർക്കാർ ലക്ഷ്യം: എം വി ഗോവിന്ദൻ



മട്ടാഞ്ചേരി തൊഴിലില്ലായ്മ പരിഹരിക്കാൻ സർക്കാർ 20 ലക്ഷം അഭ്യസ്തവിദ്യർക്ക് ജോലി നൽകുന്ന പദ്ധതി നടപ്പാക്കിവരികയാണെന്നും അതോടെ കേരളത്തിന്റെ മുഖച്ഛായ മാറുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. കൊച്ചിയിൽ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിനുവേണ്ടി നിർമിക്കുന്ന കെട്ടിടത്തിന്‌ കല്ലിടുകയായിരുന്നു അദ്ദേഹം. ലോകോത്തര നിലവാരത്തിലേക്ക് ജീവിതനിലവാരം ഉയർത്തുകയാണ് സർക്കാർ ലക്ഷ്യം. എല്ലാവർക്കും ഒരേപോലെ ജീവിക്കാൻ കഴിയുന്ന രാജ്യത്തെ ഒരേയൊരു സംസ്ഥാനമാണ് കേരളം. ഇതിനെയാണ് കേരള മോഡൽ എന്ന് വിളിക്കുന്നത്. ഇടതുപക്ഷം മുന്നോട്ടുവയ്ക്കുന്ന മാതൃകയാണത്. കോൺഗ്രസ് തകരുകയാണ്. ജോഡോ യാത്ര തുടങ്ങിയപ്പോൾത്തന്നെ എംഎൽഎമാർ ഉൾപ്പെടെ ബിജെപിയിലേക്ക് പോയി. ദൈവത്തിനുമുന്നിൽ സത്യപ്രതിജ്ഞ ചെയ്തവരും പോയി. മതനിരപേക്ഷത പ്രതിജ്ഞകൊണ്ട് ഉണ്ടാക്കാവുന്നതല്ല, ഒരു നിലപാടാണ്. അത് ഇല്ലാതായതാണ് കോൺഗ്രസിന്റെ അവസ്ഥയ്‌ക്ക്‌ കാരണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഏരിയ സെക്രട്ടറി കെ എം റിയാദ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ശർമ, ഗോപി കോട്ടമുറിക്കൽ, എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, കെ ജെ മാക്സി എംഎൽഎ, കെ എ എഡ്വിൻ, കെ പി പ്രതാപൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News