അറബിക്കടലിന്റെ റാണിയെ 
കാണാൻ ആഡംബരക്കപ്പലുകൾ

കൊച്ചിയിലെത്തിയ എംവി യൂറോപ്പ 2 ആഡംബര കപ്പലിലെ യാത്രക്കാരെ കേരളത്തിലെ തനത് കലാരൂപങ്ങളോടെ സ്വീകരിക്കുന്നു (ഫയൽ ചിത്രം)


കൊച്ചി അറബിക്കടലിന്റെ റാണിയെ കാണാൻ ആഡംബരക്കപ്പലുകൾ കുതിച്ചെത്തുന്നു. 17നുമാത്രം മൂന്നു കപ്പലുകൾ വിനോദസഞ്ചാരികളുമായി കൊച്ചി തീരമണഞ്ഞു. രാജ്യത്ത്‌ ഏറ്റവുമധികം വിനോദസഞ്ചാരക്കപ്പലുകളെത്തുന്ന തുറമുഖമായി കൊച്ചി മാറുകയാണ്‌. 2019–-20 സാമ്പത്തിക വർഷം 44 കപ്പലുകളെത്തി. 2023 ജനുവരിയിൽമാത്രം ആറു കപ്പലുകളെത്തിയിട്ടുണ്ട്‌. ഇതിൽ അഞ്ചും വിദേശ കപ്പലുകളാണ്‌. 2023 മെയ്‌ വരെ 33 ആഡംബരയാത്രാക്കപ്പലുകൾ കൊച്ചിയിലേക്ക്‌ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ട്‌. ഇതിൽ ഇരുപതും വിദേശത്തുനിന്നാണ്‌. 2022 നവംബർമുതൽ 2023 ജനുവരിവരെ വിനോദസഞ്ചാരികളും കപ്പൽജീവനക്കാരുമായി മുപ്പതിനായിരത്തോളംപേർ കൊച്ചിയിലെത്തിയിട്ടുണ്ട്‌. കോവിഡ്‌ നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം 2022 നവംബർ 29നാണ്‌ വിനോദസഞ്ചാരികളുമായി ആദ്യ ആഡംബരക്കപ്പൽ എത്തിയത്‌. മംഗളൂരുവിൽനിന്ന്‌ എത്തിയ ‘യൂറോപ്പ 2’വിൽ 257 വിദേശ വിനോദസഞ്ചാരികളുണ്ടായിരുന്നു. തുടർന്ന്‌ 2022ൽ എട്ട്‌ കപ്പലുകൾകൂടി എത്തി. കൊളംബോ, മുംബൈ, ഗോവ, മംഗളൂരു, ചെന്നൈ തുറമുഖങ്ങളിൽനിന്നാണ്‌ കൊച്ചിയിലേക്ക്‌ ആഡംബരക്കപ്പലുകളെത്തുന്നത്‌. ഇവ എത്തുന്ന അന്നുതന്നെയോ അടുത്തദിവസമോ മടങ്ങും. സഞ്ചാരികളിലധികവും ഫോർട്ട്‌ കൊച്ചി പൈതൃകനഗരി, ആലപ്പുഴ, കുമരകം തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കാനെത്തുന്നവരാണ്‌. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ഡിടിപിസി) ഇവർക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്‌. സഞ്ചാരികളെ സ്വീകരിക്കുന്നതും യാത്രകൾക്ക്‌ വാഹനം ഏർപ്പെടുത്തുന്നതും ഡിടിപിസിയാണ്‌. തുറമുഖത്ത്‌ ഇൻഫർമേഷൻ കൗണ്ടറും പ്രവർത്തിക്കുന്നുണ്ട്‌.   Read on deshabhimani.com

Related News